പിണറായി വിജയന്‍ ഒരു ‘കൊവിഡിയറ്റ്’ : വിശേഷിപ്പിക്കാന്‍ വേറെ വാക്കില്ലെന്ന് വി മുരളീധരന്‍

Jaihind Webdesk
Thursday, April 15, 2021

 

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ‘കൊവിഡിയറ്റ്’ ആണെന്ന്  മുരളീധരന്‍ ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുരളീധരന്‍റെ കടുത്ത പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന വിവാദം രൂക്ഷമായിരിക്കുന്നതിനിടെയാണ് വി മുരളീധരന്‍റെ പരാമർശം.  നേരത്തെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്‍റെ ചോദ്യം. കൊവിഡ് കരുതലും ജാഗ്രതയും മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.