തിരുവനന്തപുരം: നിയമസഭയില്‍ മോദി സര്‍ക്കാരിനെ അനുകരിച്ച് ഇടത് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സഭാ ടിവി കട്ട് ചെയ്തു. സതീശന്‍ സംസാരിക്കവേ മുഖ്യമന്ത്രിയെ മാത്രമാണ് സഭാ ടിവി കാണിച്ചത്. പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധവും സഭാ ടിവി സംപ്രേക്ഷണം ചെയ്തില്ല.
പാര്‍ലമെന്റിലും സമാന രീതിയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. പ്രതിപക്ഷം സംസാരിക്കുമ്പോള്‍ ദൃശ്യങ്ങള്‍ മാറ്റുകയും, പ്രതിഷേധ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളയുകയും ചെയ്യുന്നത് പതിവുള്ളതാണ്. അത്തരമൊരു നീക്കമാണ് ഇന്ന് നിയമസഭയില്‍ കണ്ടത്.
സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നിരുന്നു. എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കര്‍ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യവും അതിന്മേല്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ മറുപടിയും പ്രതിഷേധം ശക്തമാക്കി.