
‘സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പം’ – കേട്ടു മടുത്തൊരു കപട വാദം. 2019-ല്‍ രാത്രിയുടെ മറവില്‍ യുവതികളെ കയറ്റി വിശ്വാസത്തെ ചവിട്ടിയരച്ചപ്പോഴും ഇതേ നുണ ആവര്‍ത്തിച്ചു. അവസാനം, കോടികള്‍ പൊടിച്ച്, അയ്യപ്പസംഗമം എന്ന പേരില്‍ പൊള്ളയായ ഒരു പ്രഹസനം നടത്തി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചപ്പോഴും ഇതേ കണ്ണില്‍ പൊടിയിടല്‍ തുടര്‍ന്നു. എന്നാല്‍, സ്വര്‍ണ്ണക്കൊള്ള മുതല്‍ ഈ മണ്ഡലകാലത്തെ ദുരിതമുഖം വരെ ശബരിമല ഇന്ന് ഈ സര്‍ക്കാരിന് ഇരട്ടപ്രഹരമായി തിരിച്ചടിച്ചിരിക്കുന്നു.
അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന ഭരണത്തിന് ഇപ്പോള്‍ ദുരിതകാലമാണെന്ന് പറയാതിരിക്കാനാവില്ല. മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ആര്‍ഭാടത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു പരാജയമായിരുന്നു. ജനങ്ങളില്ലാത്ത കസേരകള്‍ മാത്രം നിറഞ്ഞ ആ സംഗമം ഒരു പൊതുപരിഹാസമായി മാറി. എന്നിട്ടും സര്‍ക്കാരിന് ന്യായീകരണമുണ്ട്. ‘ഇതെല്ലാം മാധ്യമസൃഷ്ടിയും സാങ്കേതികവിദ്യയുടെ സൂത്രവുമാണ്…’ എന്ത് ഗതികേടാണിതെന്ന് ജനം ചോദിക്കുകയാണ്.
ഈ മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ ഭക്തര്‍ക്ക് നല്‍കേണ്ട അടിസ്ഥാന ക്രമീകരണങ്ങള്‍ പോലും ഒരുക്കാന്‍ കഴിവില്ലാത്ത ഒരു പരാജയ സര്‍ക്കാരിനെയാണ് നാം കണ്ടത്. 15 മണിക്കൂറിലധികം ദര്‍ശനത്തിനായി ഭക്തര്‍ക്ക് കാത്തിരിക്കേണ്ടി വന്നുവെന്ന് പറയുമ്പോള്‍ തന്നെ ഈ ദുരിതത്തിന്റെ ഭീകരത വ്യക്തമാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് ലക്ഷക്കണക്കിന് അയ്യപ്പന്മാരെ ഈ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്.
ദര്‍ശനം നടത്താനാവാതെ മാലയൂരി മടങ്ങേണ്ട അവസ്ഥയിലേക്ക് ഭക്തരെ എത്തിച്ച ഈ സര്‍ക്കാര്‍ തികച്ചും പരാജയമാണ്. പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഏറ്റ കനത്ത തിരിച്ചടിയായി മാറുകയാണ് ഇത്തരം വീഴ്ചകള്‍. സംഭവത്തിന്റെ വ്യാപ്തി വലുതായിട്ടും ഇപ്പോഴും ബാലിശമായ ന്യായീകരണങ്ങളുമായി രംഗത്തെത്തുന്ന സര്‍ക്കാരിന്റെ ഗതികേടാണ് ഏറ്റവും പരിഹാസ്യം. ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം മന്ത്രിക്ക് ഇടപെടാന്‍ കഴിഞ്ഞില്ല’ എന്ന ആ മറുപടിയില്‍ ആര്‍ക്കും അതിശയമില്ല. കാരണം, ഇത്രയൊക്കെയേ പൊതുസമൂഹം ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ.
ഇതിനിടയില്‍, മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ കൊട്ടിഘോഷിച്ചു നടത്തിയ അയ്യപ്പസംഗമം എന്തിനായിരുന്നു എന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. വിശ്വാസം വിറ്റ് പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ കയ്‌പേറിയ യാഥാര്‍ത്ഥ്യമാണിത്.