
കോന്നിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിടെ ചോദ്യം ചോദിച്ചയാളെ അധിക്ഷേപിച്ച സംഭവത്തിൽ വിചിത്രമായ ന്യായീകരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കല്ല, മറിച്ച് മറ്റുള്ളവർക്കാണ് സമനില തെറ്റിയതെന്ന പരിഹാസത്തോടെയാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. പൊതുയോഗങ്ങളിൽ ചോദ്യം ചോദിക്കുന്നത് മര്യാദകേടാണെന്നും തന്റെ പരിപാടികളിൽ പാലിക്കേണ്ട പ്രത്യേക ‘രീതികൾ’ ഉണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. താൻ നടത്തിയ “വീട്ടിൽ പോയി ചോദിക്കൂ” എന്ന പരാമർശത്തിൽ ചോദ്യകർത്താവിന് ഇപ്പോൾ കാര്യം ബോധ്യപ്പെട്ട് കാണുമെന്ന ഭീഷണിയുടെ സ്വരവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.
വിവാദമായ ‘ചെറ്റത്തരം’ എന്ന പ്രയോഗത്തെയും മുഖ്യമന്ത്രി തീർത്തും നിസ്സാരവൽക്കരിച്ചു. ഇത് താൻ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണെന്നും ‘രാഷ്ട്രീയ ചെറ്റത്തരം’ എന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഈ പദം അൺപാർലമെന്ററി അല്ലെന്ന വിചിത്രമായ വാദവും അദ്ദേഹം ഉയർത്തി. തന്റെ സംസാരശൈലിയെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും, വിമർശനങ്ങൾ തന്നെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്തെ ‘ഡീൽ’ ആരോപണങ്ങളെ വർഗീയ കാർഡ് ഇറക്കിയാണ് മുഖ്യമന്ത്രി പ്രതിരോധിച്ചത്. ആരോപണവിധേയനായ വ്യക്തി മുസ്ലിം നാമധാരിയായതാണോ ഇതിന് പിന്നിലെന്ന് ചോദിച്ചുകൊണ്ട്, രാഷ്ട്രീയ ആരോപണങ്ങളെ വിദ്വേഷ പ്രചാരണമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. പരാജയഭീതിയിൽ നിൽക്കുമ്പോഴും തന്റെ ശൈലി മാറ്റാനോ ജനകീയ ചോദ്യങ്ങളെ ജനാധിപത്യപരമായി നേരിടാനോ മുഖ്യമന്ത്രി തയ്യാറല്ലെന്ന സൂചനയാണ് വാർത്താസമ്മേളനത്തിലുടനീളം പ്രതിഫലിച്ചത്.