
എ.കെ. ബാലന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളെ തള്ളാന്‍ സിപിഎം സംസ്ഥാന നേതൃത്വം ശ്രമിക്കുമ്പോഴും, ബാലന് പൂര്‍ണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരളത്തെ ഞെട്ടിച്ച മാറാട് കലാപത്തെ രാഷ്ട്രീയ ലാഭത്തിനായി വീണ്ടും ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ച മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പച്ചക്കൊടി വീശുകയാണ്. ആഭ്യന്തര വകുപ്പും ജമാഅത്തെ ഇസ്ലാമിയും ചേര്‍ത്ത് ബാലന്‍ നടത്തിയ വിവാദ പ്രസ്താവന ശരിയാണെന്ന് വാദിക്കുന്നതിലൂടെ, കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വര്‍ഗ്ഗീയതയെ എതിര്‍ക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അവകാശപ്പെടുമ്പോഴും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമുദായങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്ന് പറയുന്ന മുഖ്യമന്ത്രി, രാഷ്ട്രീയ ലാഭത്തിനായി മാറാട് കലാപത്തിന്റെ മുറിവുകള്‍ വീണ്ടും മാന്തുകയാണ് ചെയ്യുന്നത്.