
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രേവന്ത് റെഡ്ഡിയുടെ ‘പോ മോനേ വിജയാ’ എന്ന പരാമര്‍ശത്തിന് ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്ന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു മുഖ്യമന്ത്രി പാലിക്കേണ്ട അന്തസ്സും മര്യാദയും രേവന്ത് റെഡ്ഡി ലംഘിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേവന്ത് റെഡ്ഡി പരസ്യമായാണ് അധിക്ഷേപം ഉന്നയിച്ചത്. അതിനാല്‍ അര്‍ഹിക്കുന്ന രീതിയിലുള്ള മറുപടി പരസ്യമായി തന്നെ നല്‍കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ രംഗത്തെത്തിയത്. തെലങ്കാനയിലെ വികസനം നേരില്‍ കാണാന്‍ പിണറായിക്ക് വിമാന ടിക്കറ്റ് അയച്ചുതരാമെന്നും, കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ തെലങ്കാന മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് പിണറായി ബി.ജെ.പിക്കെതിരെ മിണ്ടാത്തതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇതെല്ലാമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.