‘ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള കുറ്റപത്രം’; സ്വര്‍ണക്കടത്ത് ഒത്തുതീര്‍പ്പാക്കാന്‍ പിണറായി കേന്ദ്രസഹായം തേടിയെന്ന് സണ്ണി ജോസഫ്

Jaihind News Bureau
Sunday, November 23, 2025

 

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ശക്തമായ കുറ്റപത്രം അവതരിപ്പിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സഹായം തേടി എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് പ്രചാരണം ശക്തമാക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎം രാഷ്ട്രീയ നേതൃത്വത്തിന് പങ്കാളിത്തമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മേഖല വെന്റിലേറ്ററില്‍ ആണെന്ന് യുഡിഎഫ് പറയുന്നത്. വിലക്കയറ്റത്തിന് സര്‍ക്കാരിന് ഉത്തരമില്ല. അന്യായമായ നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചു ഏല്‍പ്പിക്കുന്നതുള്‍പ്പെടെ സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്. പി.എസ്.സി.യെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ രാഷ്ട്രീയ നിയമനങ്ങളും നടത്തുന്നു.

ഏകപക്ഷീയവും അശാസ്ത്രീയവുമായ വാര്‍ഡ് വിഭജനമാണ് സര്‍ക്കാര്‍ നടത്തിയത്. വോട്ടര്‍ പട്ടികയിലും വളരെ വലിയ ക്രമക്കേടുകള്‍ ഉണ്ട്. ഈ പ്രതിബന്ധങ്ങളെ അതിജീവിച്ച് യുഡിഎഫ് വന്‍ വിജയം നേടുമെന്ന് സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കണ്ണൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ശക്തമായ താക്കീതോടുകൂടിയുള്ള ഇടപെടലാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്.

ഭരണത്തിന്റെ ദുസ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ വരുതിയിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിനെ യുഡിഎഫ് ശക്തമായി ചെറുക്കും. സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.