വർഗ്ഗീയ കൊലപാതകങ്ങള്‍: പിണറായി ആഭ്യന്തരവും മുഖ്യമന്ത്രി സ്ഥാനവും ഒഴിയുന്നതാണ് നല്ലതെന്ന് എന്‍എസ് നുസൂർ

Jaihind Webdesk
Sunday, April 17, 2022

പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒഴിയുന്നതാണ് നല്ലതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ് നുസൂർ.  വർഗ്ഗീയ കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോൾ കേരളത്തിന്‍റെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് കവടി നിരത്തി കണ്ടുപിടിക്കേണ്ട കാര്യമില്ലല്ലോ? അധികാരത്തിന്‍റെ ലഹരിക്കായി വർഗീയ സംഘടനകളോട്  സന്ധി ചെയ്തപ്പോൾ ഈ പേക്കൂത്തിനൊക്കെ കൂട്ട് നിന്ന് കൊടുക്കേണ്ടി വരുമെന്ന് ആലോചിക്കണമായിരുന്നു എന്നും നുസൂർ വിമർശിച്ചു.

കേരളത്തിനെ വർഗ്ഗീയതയുടെ ചോരക്കളമാക്കുന്ന  ആർഎസ്എസ് നെയും എസ്ഡിപിഐ യെയും നിരോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവം പിണറായി വിജയനുണ്ടോ? നടന്നാലും ഇല്ലെങ്കിലും മുഖ്യമന്ത്രി ആ കാര്യത്തിലെങ്കിലും മോദിയുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചു നട്ടെല്ലുറപ്പോടെ നാളത്തെ തലമുറക്ക് വേണ്ടി ഒന്ന് ശബ്ദിക്കണമെന്നും നുസൂർ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

പാലക്കാട്‌ വർഗ്ഗീയ കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് കവടി നിരത്തി കണ്ടുപിടിക്കേണ്ട കാര്യമില്ലല്ലോ? ഇന്നലെ നടന്ന SDPI പ്രവർത്തകന്റെ കൊലപാതകത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്ന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിവരം ലഭിച്ചില്ല എങ്കിൽ പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒഴിയുന്നതാണ് നല്ലത്. വർഗ്ഗീയ സംഘടനകളുടെ അഴിഞ്ഞാട്ടം കേരളത്തിൽ അതിരുവിടുന്നു. അധികാരത്തിന്റെ ലഹരിക്കായി ഇവരുമായി സന്ധി ചെയ്തപ്പോൾ ആലോചിക്കണമായിരുന്നു ഈ പേക്കൂത്തിനൊക്കെ കൂട്ട് നിന്ന് കൊടുക്കേണ്ടി വരുമെന്ന്. ഇന്ന് ഒരു ജീവൻ കൂടി പൊലിഞ്ഞു. മരിക്കുന്നത് മനുഷ്യനാണ്. കുടുംബത്തിന്റെ കണ്ണുനീരിൽ പ്രത്യയശാസ്ത്രങ്ങൾ അലിഞ്ഞു ഇല്ലാതാകും. മരിക്കേണ്ടത് മനുഷ്യനല്ല. ഈ വർഗ്ഗീയ പ്രത്യയശാസ്ത്രങ്ങൾ തന്നെയാണ്. ഈ കൊലപാതക പരമ്പരകൾ അവസാനിപ്പിക്കാൻ സർക്കാരിനാകില്ല എന്ന് വ്യക്തം. കേരളത്തിനെ വർഗ്ഗീയതയുടെ ചോരക്കളമാക്കുന്ന RSS നെയും SDPI യെയും നിരോധിക്കണമെന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവം പിണറായി വിജയനുണ്ടോ? നടന്നാലും ഇല്ലെങ്കിലും മുഖ്യമന്ത്രി ആ കാര്യത്തിലെങ്കിലും മോദിയുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചു നട്ടെല്ലുറപ്പോടെ നാളത്തെ തലമുറക്ക് വേണ്ടി ഒന്ന് ശബ്ദിക്കണം.
ശ്രീനിവാസന്റെ കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നു.