പിണറായി രാജിവയ്ക്കണം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

Jaihind News Bureau
Friday, April 4, 2025

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.പ്രതിഷേധ ഭാഗമായി തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.ജില്ലയിലെ 77 പഞ്ചായത്തുകള്‍ക്ക് മുന്നിലും നാല് നഗരസഭയ്ക്ക് മുന്നിലും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മാസപ്പടികേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.കൊല്ലം ചിന്നക്കടയില്‍ നടന്ന കോലം കത്തിക്കല്‍ പ്രതിഷേധം DCC പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോലം കത്തിക്കല്‍ പ്രതിഷേധം വിവിധ കേന്ദ്രങ്ങളില്‍ നടന്നു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ ക്ഷമകേടിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് യു ഡി എഫ് രാപകല്‍ സമരം നടത്തുന്നത്. യു ഡി എഫ് അധികാരത്തില്‍ വരുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. കാര്യങ്ങള്‍ മാറുമെന്നും യാതൊരുവിധ ആശങ്കയും ജനങ്ങള്‍ക്ക് വേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് യു ഡി എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം.എല്‍.എ.വീണ വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന്‍ അര്‍ഹതയില്ലന്നും അദ്ദേഹം പറഞ്ഞു .കല്‍പ്പറ്റയില്‍ യു ഡി എഫ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.