മുഖ്യമന്ത്രി സഹകരണ മേഖലയുടെ ആരാച്ചാര്‍ : മുല്ലപ്പള്ളി

Jaihind Webdesk
Friday, July 12, 2019

Mullappally002

സഹകരണ മേഖലയുടെ ആരാച്ചാരായി മുഖ്യമന്ത്രി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കേരള സഹകരണ നിയമം സുവര്‍ണ്ണ ജൂബിലി ആഘോഷവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനത്തെ കുഴിച്ചുമൂടാനാണ് കേരള ബാങ്കിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും അമ്പതിനായിരം കോടി രൂപയെടുത്ത് കേരള ബാങ്കെന്ന വാണിജ്യ ബാങ്ക് തുടങ്ങാന്‍ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നല്‍കിയതെന്ന് മുല്ലപ്പള്ളി ചോദിച്ചു. വാണിജ്യ ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും തത്വങ്ങള്‍ കടകവിരുദ്ധമാണ്. റിസര്‍വ് ബാങ്കിന് ഇത് അംഗീകരിക്കാനാവില്ല. ഈ നടപടി അടിയന്തിരമായി റദ്ദാക്കണം.

മഹാത്മാ ഗാന്ധിയും നെഹ്രുവും വളര്‍ത്തിയ സഹകരണ പ്രസ്ഥാനത്തിന് ശക്തമായ അടിവേരുള്ള സംസ്ഥാനമാണ് കേരളം.
97-ാം ഭരണഘടനാ ഭേദഗതിയിലൂടെ യു.പി.എ സര്‍ക്കാര്‍ സഹകരണം അവകാശമാക്കി മാറ്റിയിരുന്നു. അതെല്ലാം കാറ്റില്‍പ്പറത്തി ഭരണഘടനാ വിരുദ്ധമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമസഭ വിളിച്ചു ചേര്‍ക്കാനോ എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്യാനോ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും തയ്യാറായില്ല. നിയമസഭയെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള എന്ത് അസാധാരണ സാഹചര്യമാണ് അന്നുണ്ടായിരുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.

സഹകാരികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം. ഇക്കാര്യത്തില്‍ ഏതെങ്കിലും സഹകാരികള്‍ സര്‍ക്കാരുമായി ഒത്തുകളിച്ചാല്‍ ചരിത്രം അവര്‍ക്ക് മാപ്പുനല്‍കില്ല. സര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും അതിനായി ഏതറ്റംവരെ പോകാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 2017 ഏപ്രില്‍ 17 സഹരണ മേഖലയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ഓര്‍ഡിനന്‍സിലൂടെ സംസ്ഥനത്തെ പതിനാല് ജില്ലാ സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തെന്നും മുല്ലപ്പള്ളി പറഞ്ഞു.