പിണറായി വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളം പറയാനും ; ഇനി ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ എന്നും രമേശ് ചെന്നിത്തല | Video

Jaihind News Bureau
Tuesday, September 22, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ കള്ളം പറയാന്‍ വേണ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വർണ്ണക്കടത്തില്‍ മന്ത്രി ജലീലിന് യാതൊരു പങ്കുമില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വർണ്ണക്കടത്ത് നടന്നിരിക്കാം എന്നതാണ് ജലീലിന്‍റെ നിലപാട്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ആണ് ഇനി ചോദ്യം ചെയ്യേണ്ടത്. സത്യമറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽ പരിശോധന നടത്തുകയും വേണം. പിണറായി വിജയന്‍ വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളം പറയാനും വേണ്ടി മാത്രമാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

കള്ളക്കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വർഗീയത ഇളക്കി വിടുകയാണ് ചെയ്യുന്നത്. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ജാതിയും മതവും പറയേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണ സംഘം പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നാണംകെട്ട് അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന അഴിമതിയുടെ ദുർഗന്ധം പരത്തുന്ന സർക്കാർ രാജി വെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിലൊന്നും സർക്കാരിന് മറുപടിയില്ല. സ്പ്രിങ്ക്‌ളർ, പമ്പ മണൽക്കടത്ത്, ഇ-മൊബിലിറ്റി അഴിമതി, പി.എസ്.സിയെ നോക്കുകുത്തിയാക്കി കൺസൾട്ടൻസിയുടെ പേരിലുള്ള പിൻവാതിൽ നിയമനങ്ങൾ, സ്വർണ്ണക്കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൊന്നും വ്യക്തമായ മറുപടിയില്ല. കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള അഴിമതിയാണ് ലൈഫുമായി ബന്ധപ്പെട്ട് നടന്നത്. ലൈഫിലെ ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അത് നൽകാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. കള്ളം പിടികൂടുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ധാരണാപത്രം കൈമാറാൻ തയാറാകാത്തത്. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോള്‍ വർഗീയതയെ കൂട്ടുപിടിക്കുകയാണ് പിണറായി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാരിന്‍റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത മന്ത്രി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യു.ഡി.എഫിന്‍റെ സപീക്ക് അപ്പ് കേരളയുടെ മൂന്നാം ഘട്ട സമര പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

 

https://www.facebook.com/JaihindNewsChannel/videos/385181902472024