Pinarayi Vijayan| വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാതെ പിണറായി; പിന്നില്‍ സിപിഎം – ബിജെപി ധാരണയോ?

Jaihind News Bureau
Monday, September 1, 2025

രാജ്യത്തെ വോട്ട് കൊള്ളക്കെതിരെ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ യാത്ര നടത്തുമ്പോള്‍ അത് അറിഞ്ഞ ഭാവം നടിക്കാത്ത ഒരു മുഖ്യമന്ത്രിയുണ്ട് ഇങ്ങ് കേരളത്തില്‍. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിലെ മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ യാത്രയില്‍ പങ്കെടുത്തപ്പോള്‍ വോട്ട് കൊള്ളക്കെതിരെയോ, തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയോ, നരേന്ദ്ര മോദിക്കെതിരെയോ ഒരക്ഷരം മിണ്ടിയിട്ടില്ല കേരളത്തിലെ മുഖ്യമന്ത്രി.

ബിഹാറില്‍ രാഹുല്‍ഗാന്ധിയുടെ നേത്യത്വ ത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയോടും വോട്ട് കൊള്ളയോടുംമുഖം തിരിച്ച് നില്‍ക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യ മന്ത്രി പിണറായി വിജയന്‍.

ഇന്ത്യ മുന്നണിയുമായി സഹകരിക്കുന്ന ഇടതു പാര്‍ട്ടികളായ സിപിഎം, സിപിഐ. സിപിഐ (എംഎല്‍) എന്നിവയുടെ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രധാന നേതാ ക്കള്‍ എല്ലാം യാത്രയില്‍ പങ്കാളികളാണ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പല ദിവസങ്ങളിലായി യാത്രയുടെ ഭാഗമായി. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ എല്ലാം വോട്ട് ചോരി ക്യാമ്പയിന് സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ കേരള മുഖ്യമന്ത്രി മാത്രം ബിജെപിയുടെ വോട്ട് കൊള്ളയ്ക്കെതിരെ ഒരു പ്രതികരണവും നടത്തിയില്ല. കൊവിഡ് കാലത്ത് ഉറുമ്പിനും, കുരങ്ങനുമെല്ലാ ഭക്ഷണം കൊടുക്കാന്‍ ഓര്‍മിച്ച മുഖ്യമന്ത്രിയാണ് ഇതെന്ന് ഓര്‍ക്കണം.. എന്നാല്‍ അദ്ദേഹം ജനാധിപത്യ സംരക്ഷണത്തിനായി ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ യാത്ര കണ്ടതായി നടിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഏറ്റവും ഉന്നത സമിതി അംഗം കൂടിയായ നേതാവിന്റെ നിലപാട് ജനറല്‍ സെക്രട്ടറി എം.എ ബേബിയെ വരെ പ്രതിരോധത്തില്‍ ആക്കുകയാണ്.

എല്‍ഡിഎഫിന്റെ ഘടകക്ഷി കൂടിയായ ആര്‍ജെഡിയാണ് ബിഹാറില്‍ പ്രധാന പോരാട്ടം നടത്തുന്നത് എന്ന കാര്യവും പിണറായി വിജയന്‍ വിസ്മരിച്ചു. മോദി സര്‍ക്കാറിനെ സ്വാധീനിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ നിന്ന് തലയൂരാനുള്ള പിണറായി വിജയന്റെ ശ്രമമാണ് ഈ മൗനത്തിന് പിന്നില്‍ എന്ന ആരോപണം ശക്തമാണ്.