മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സ; ചെലവായ മുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തില്‍ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോള്‍ 42,27,443 രൂപ ചെലവായി. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപയും അനുവദിച്ച് ഉത്തരവായി. സെക്രട്ടേറിയേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ 2020 ഡിസംബര്‍ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. ഇതേ വര്‍ഷം ജൂലൈ മുതല്‍ 2021 മാര്‍ച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലുമായി അദ്ദേഹത്തിനും ഭാര്യക്കും ചെലവായ 32,905 രൂപയും അനുവദിച്ചു. 2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ 62,874 രൂപ ചെലവായതും സര്‍ക്കാര്‍ അനുവദിച്ചു. 2021 സെപ്തംബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 29 വരെ മുഖ്യമന്ത്രിക്കും ഭാര്യക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 76,199 രൂപയും സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചിരിക്കുന്നത്.

 

 

 

Comments (0)
Add Comment