ന്യൂഡല്‍ഹി: യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ പ്രയോഗം തരംതാഴ്ന്നതാണെന്നും വിമര്‍ശിക്കുന്നവരെ വിവരദോഷി എന്ന് വിളിക്കുന്നത് ധാർഷ്ട്യമാണെന്നും അദ്ദേഹം പരിഹസിച്ചു. മലയാള നിഘണ്ടുവിലേക്ക് ഒരുപാട് വാക്കുകള്‍ ഇതിനകം പിണറായി വിജയന് സംഭാവന ചെയ്തു കഴിഞ്ഞെന്നും വി.ഡി. സതീശന് പരിഹസിച്ചു.
തിരഞ്ഞെടുപ്പില്‍ കനത്ത ആഘാതം പിണാറിയിക്ക് കിട്ടിയിട്ടും അദ്ദേഹം മാറിയില്ല എന്നത് അത്ഭുതമാണ്. ഒരു തിരുത്തലും ഉണ്ടാകാതെ ഇങ്ങനെ തന്നെ പോകണമെന്നാണ് പ്രതിപക്ഷ ആഗ്രഹം. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപജാപക സംഘങ്ങളാണ്. ഇരട്ടച്ചങ്കന്, കാരണഭൂതന് എന്നൊക്കെ കേട്ട് ആവേശഭരിതനായിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പരിഹസിച്ചു. തീവ്ര ഇടതുപക്ഷ വ്യതിയാനത്തിലേക്ക് മുഖ്യമന്ത്രിയും സർക്കാരും പോകുകയാണ്. ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തോട്ട് വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പ്രളയം വന്നതുകൊണ്ടാണ് തുടർഭരണം ഉണ്ടായതെന്ന് മാർ കുറിലോസ് മെത്രാപൊലീത്ത കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ പ്രയോഗം. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവേദിയിലായിരുന്നു വിമർശനം. മുമ്പ് താമരശേരി ബിഷപ്പിനെ പിണറായി നികൃഷ്ടജീവി എന്നു വിളിച്ചത് വന്‍ വിവാദമായിരുന്നു.