മോദിയെ കടത്തിവെട്ടി വിജയന്‍; സര്‍ക്കാരിന്റെ വീഴ്ച്ചകളെ മറയ്ക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളും തീവ്രവാദി അറസ്റ്റും

Jaihind News Bureau
Saturday, November 2, 2019

അട്ടപ്പാടി മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രിത തിരക്കഥയെന്ന് സൂചന. വാളയാറില്‍ ദളിത് സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സി.പി.എം പ്രവര്‍ത്തകരെ വിട്ടയച്ച പോക്‌സോ കോടതി വിധിക്ക് എതിരെ കേരളീയ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന കടുത്ത പ്രതിഷേധം മറികടക്കാനുള്ള തന്ത്രമാണ് മാവോയിസ്റ്റ് വേട്ട.

ഇതോടെ വാളയാറില്‍ സംഭവിച്ച ക്രൂരമായ മനുഷ്യവകാശ ലംഘടനത്തില്‍ നിന്നും മാധ്യമ ശ്രദ്ധ മാവോയിസ്റ്റ് വേട്ടയിലേക്ക് മാറി. മാവോയിസ്റ്റ് വേട്ടയില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത എത്തിയ സി.പി.ഐ നിലപാടും ഇക്കാര്യത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്. മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന് ആവര്‍ത്തിച്ച് സി.പി.ഐ ഈ വിഷയം മാധ്യമങ്ങളില്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

മാവോയിസ്റ്റ് വേട്ടയ്ക്ക് ശക്തി പകര്‍ന്ന് കോഴിക്കോട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതോടെ മാധ്യമശ്രദ്ധ മാധ്യമവേട്ടയില്‍ മാത്രമായി. ഇത് തന്നെയാണ് പിണറായി വിജയനും ആഗ്രഹിച്ചത്. ഇതിന് നാല് മാവോയിസ്റ്റുകളുടെ ജീവന്‍ കരുവാക്കി എന്നുമാത്രം. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തി വെട്ടിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.പി.എക്ക് രാജ്യവ്യാപകമായി പ്രതിഷേധിച്ച സി.പി.എമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.പി.എ ചുമത്തി സ്വന്തം സഖാക്കളെ അറസ്റ്റ് ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തി വെട്ടിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ പിന്തുണയും പിണറായി വിജയന് ഉണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണ് ഡി.ജി.പി.

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ജനശ്രദ്ധ തിരിക്കാറുള്ള അതേ തന്ത്രമാണ് പിണറായി വിജയന്‍ കേരളത്തില്‍ പയറ്റുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ മറികടക്കാന്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീം എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ബുദ്ധികേന്ദ്രവും ഇവരാണെന്നാണ് സൂചന.