പ്രതിഷേധങ്ങള്‍ക്കു മുന്‍പില്‍ മുട്ടുമടക്കി പിണറായി സര്‍ക്കാര്‍ ; വിവാദ പൊലീസ് നിയമഭേദഗതിയില്‍ നിന്നും പിന്മാറി

Jaihind News Bureau
Monday, November 23, 2020

 

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കു മുന്‍പില്‍ മുട്ടുമടക്കി പിണറായി സര്‍ക്കാര്‍. വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു. നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും പിന്മാറുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാപക വിമര്‍ശനം ഉയര്‍ന്നതിനുപിന്നാലെയാണ് തീരുമാനം.

നിയമഭേദഗതിയില്‍ സര്‍ക്കാരിനെ തള്ളി സിപിഎം കേന്ദ്ര കമ്മറ്റിയും രംഗത്തെത്തിയിരുന്നു. ഭേദഗതി പുനപരിശോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തില്‍ സിപിഐയും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്.

വിവാദ പൊലീസ് നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പൊലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.