
ശബരിമല വിഷയത്തില്‍ തൊടുന്നതെല്ലാം പിഴയ്ക്കുന്ന പിണറായി സര്‍ക്കാരിന് വീണ്ടും കനത്ത പ്രഹരം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദത്തില്‍ അടിതെറ്റി നില്ക്കവേ, മുഖം രക്ഷിക്കാനായി നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിയമനവും ഇപ്പോള്‍ നിയമക്കുരുക്കിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ തന്നെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോക്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെതിരെ കോടതിയെ സമീപിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
ശബരിമലയിലെ വിവാദങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ നന്നാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഐഎംജി ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കാര്‍ഷിക വികസന കമ്മീഷണര്‍ കൂടിയായ ബി. അശോക് കോടതിയെ സമീപിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്നെ സര്‍ക്കാരിന്റെ ഉന്നത നിയമനത്തിനെതിരെ പരസ്യമായി കോടതിയില്‍ എത്തുന്നത് അത്യപൂര്‍വ്വവും സര്‍ക്കാരിന് വലിയ തിരിച്ചടിയുമാണ്. എന്നാല്‍ ച്ട്ടം മറികടന്നതിനേയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.
സര്‍ക്കാര്‍ പദവിയിലിരിക്കെ മറ്റൊരു സ്വയംഭരണ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് ‘ഇരട്ടപ്പദവി’ പരിധിയില്‍ വരുമെന്നും, അതിനാല്‍ ജയകുമാറിനെ അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നില്ലെന്ന വാദമാണ് ജയകുമാര്‍ ഉയര്‍ത്തുന്നത്.
പക്ഷേ, ഈ വാദം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ബി. അശോക് ചൂണ്ടിക്കാട്ടുന്നത്. ശമ്പളം വാങ്ങുന്നുണ്ടോ എന്നതല്ല, മറിച്ച് സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ഒരാള്‍ക്ക് നിയമപരമായി ഇത്തരം പദവികള്‍ വഹിക്കാന്‍ കഴിയുമോ എന്നതാണ് കാതലായ പ്രശ്നം. ജയകുമാറിന്റെ മറുപടിയിലൂടെ അദ്ദേഹം ചട്ടലംഘനം സമ്മതിക്കുകയാണെന്നും, ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നിയമനം പോലും ചട്ടവിരുദ്ധമാണെന്നും അശോക് ആരോപിക്കുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നട്ടംതിരിയുന്ന പിണറായി സര്‍ക്കാരിന്, ഈ നിയമന വിവാദം ഇരുട്ടടിയായിരിക്കുകയാണ്. വിശ്വസ്തരെന്ന് കരുതി സര്‍ക്കാര്‍ തലപ്പത്ത് ഇരുത്തുന്നവര്ക്കെതിരെ സിവില്‍ സര്‍വീസില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയരുന്നത് ഭരണസ്തംഭനത്തിന്റെ സൂചനയായി വിലയിരുത്താം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്താലും അത് വിവാദത്തിലും നിയമപ്രശ്നങ്ങളിലുമാണ് കലാശിക്കുന്നത്. വിസി നിയമന വിവാദങ്ങള്‍ക്ക് പിന്നാലെ ദേവസ്വം ബോര്‍ഡ് നിയമനവും കോടതി കയറിയതോടെ, ഉന്നത നിയമനങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതക്കുറവും കഴിവുകേടും ഒരിക്കല്‍ക്കൂടി വെളിപ്പെടുന്നു.