ന്യൂഡല്‍ഹി : കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണി. സിപിഎം-ബിജെപി ധാരണ പുതിയ കാര്യമല്ല. നേമത്തെ പോരാട്ടം പ്രധാനപ്പെട്ടതാണ്. കെ മുരളീധരൻ വിജയിച്ച് നിയമസഭയിൽ എത്തുമെന്നും എ.കെ ആന്റണി പറഞ്ഞു.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുന്നതിന് അനുകൂലമായി ജനങ്ങൾ മറിക്കൊണ്ടിരിക്കുകയാണെന്ന് എ.കെ ആന്റണി ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. എല്ലാ ജനാധിപത്യ വിശ്വാസികളും യുഡിഎഫുമായും കോണ്‍ഗ്രസുമായും സഹകരിക്കണമെന്നും വിജയത്തിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ചരിത്രതിൽ ആദ്യമായാണ് തലമുറമാറ്റം എന്ന ലക്ഷ്യത്തോടെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ചർച്ചകൾ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ആകണം എന്ന് എ.കെ ആന്റണി സൂചിപ്പിച്ചു. പിണറായി ഭരണം എങ്ങനെ അവസാനിപ്പിക്കാമെന്നും ബദലായി എങ്ങനെ യുഡിഎഫ് ഭരണം കൊണ്ടുവരാമെന്നുമാണ് ഇനിയുള്ള ചര്‍ച്ചകള്‍. വിജയം എന്ന ഒറ്റ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണം. യുഡിഎഫില്‍ എല്ലാ സുതാര്യമാണെന്നും ഇരുമ്പുമറകളില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പുറത്തറിയുന്നില്ലെന്ന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെ കരുണാകരന്റെ ഓര്‍മകളുറങ്ങുന്ന നേമത്ത് ഇത്തവണ കെ മുരളീധരന് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആന്റണി പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും യുഡിഎഫിന് വോട്ട് നൽകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.