പ്രളയബാധിതരെ കൈയൊഴിഞ്ഞ് സംസ്ഥാന സർക്കാർ. കവളപ്പാറ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രളയത്തിൽപ്പെട്ടവർക്ക് ഇനിയും വീടുകൾ നൽകാതെ സർക്കാരിന്‍റെ അവഗണന. ഭൂമിക്ക് സർക്കാർ നല്‍കാമെന്നേറ്റ തുക കുറവായത് കാരണം ഭൂവുടകള്‍ പിന്മാറിയതാണ് നടപടികള്‍ വൈകാന്‍ കാരണം. അതേ സമയം, എ.കെ.ജി സ്മൃതി മ്യൂസിയത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനായി മാത്രം ആറുകോടി എണ്‍പത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചപ്പോഴാണ് പ്രളയബാധിതരുടെ കാര്യത്തിൽ സർക്കാർ ഗുരുതരമായ അനാസ്ഥ തുടരുന്നത്.
കഴിഞ്ഞപ്രളയത്തില്‍ വീടുകള്‍ നഷ്ടമായ മലപ്പുറം ജില്ലയിലെ പോത്തുകല്‍ വില്ലേജില്‍ അർഹർക്ക് ഇനിയും വീടുകള്‍ നല്‍കാൻ സർക്കാരിന് സാധിച്ചിട്ടില്ല. നിലമ്പൂർ താലൂക്കിലെ കവളപ്പാറയുൾപ്പെടെയുള്ള മേഖലകളിലെ പ്രളയബാധിതർക്ക് വീട് നല്‍കാനായി 5 ഭൂവുടമകളില്‍ നിന്നായി 9 ഏക്കർ സ്ഥലം ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നു. വാഹന സൌകര്യമുളള സ്ഥലം, വാഹന സൌകര്യമില്ലാത്ത സ്ഥലം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ഭൂമി കണ്ടെത്തിയത്.
റോഡ് സൌകര്യമുളള ഭൂമിക്ക് സെന്‍റിന് 28,000 രൂപയും റോഡ് സൌകര്യമില്ലാത്ത ഭൂമിക്ക് സെന്‍റിന് 27,000 രൂപയുമാണ് സർക്കാർ നല്‍കാമെന്നേറ്റത്. എന്നാല്‍ ഈ തുക കുറവായത് കാരണം ഭൂവുടമകള്‍ പിന്മാറി. തുടർ ചർച്ചകള്‍ക്കായി കളക്ടറെ ചുമലപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. പുതിയ സ്ഥലം കണ്ടെത്തിയാലും സാമ്പത്തിക പ്രതിസന്ധി മൂലം ഉടനെ അനുവദിച്ചു നല്‍കാനുളള സാധ്യതയും കുറവാണ്.
നാളിതുവരെയായിട്ടും പ്രളയബാധിതർക്ക് വീടൊരുക്കാന്‍ സാമ്പത്തികം തടസമായി കാണുന്ന സർക്കാർ, അതേസമയം കണ്ണൂരില്‍ എ.കെ.ജി സ്മൃതി മണ്ഡപത്തിനായി ആറുകോടി എണ്‍പത്തി മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മൂന്നേക്കർ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് ആദ്യഗഡുവായി ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. പ്രളയബാധിതർക്കുളള സഹായം ഇഴയുമ്പോഴും, സംസ്ഥാനത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴുമാണ് എ.കെ.ജി സ്മൃതി മണ്ഡപത്തിന് സർക്കാർ കോടികള്‍ ചെലവഴിക്കുന്നതെന്നും ശ്രദ്ധേയം.
https://youtu.be/72CA2KuB9HM