KERALA GOVERNMENT| സര്‍ക്കാര്‍ ആശുപത്രികളോട് പിണറായി സര്‍ക്കാരിന് അവഗണന; സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Jaihind News Bureau
Tuesday, July 1, 2025

സര്‍ക്കാര്‍ ആശുപത്രികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും, അനാസ്ഥയ്ക്കുമെതിരെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ ആളെ കൊല്ലി കേന്ദ്രങ്ങളാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറ്റിയെന്ന് കെ.സി.വേണുഗോപാല്‍ എം പി കുറ്റപ്പെടുത്തി.കേരളത്തിലെ പൊതുജനാരോഗ്യരംഗം അത്യാസന്ന നിലയിലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖലയെ പാടെ തകര്‍ത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം പി നടത്തിയത്. കേരളത്തിലെ സാധാരണ ജനങ്ങളുടെ മൗലികമായ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസിന്റെ മെഡിക്കല്‍ കോളേജ് സമരം. വരാനിരിക്കുന്ന സമരപോരാട്ടത്തിന്റെ സൂചന മാത്രമാണ് ഇന്നത്തെ സമരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ പേടിയാണ് കേരളത്തില്‍. സാക്ഷാല്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലൈന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഡോക്ടേഴ്‌സ് ദിനത്തില്‍ കേരളത്തിലെ ഗവര്‍മെന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് എതിരെ സമരത്തിലാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, സജീവ് ജോസഫ് എംഎല്‍എ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ,മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നിരന്തരം ഉന്നയിച്ച വിഷയമാണെന്നും യഥാര്‍ത്ഥത്തില്‍ ആരോഗ്യകേരളം വെന്റ്ലേറ്ററില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി. കേരളത്തിലെ സര്‍ക്കാര്‍ ‘നോട്ട് അവയ്ലബിള്‍’ ആണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ പിടികൂടിയിരിക്കുന്നത് ഗുരുതരമായ പി ആര്‍ രോഗമാണെന്നും ആരോഗ്യമന്ത്രി അനാരോഗ്യമന്ത്രിയായിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്‍പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കം നടിക്കുന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിടേണ്ടി വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്രയധികം പരാജയപ്പെട്ട ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഓപ്പറേഷനുകള്‍ നടക്കുന്നില്ല രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കിട്ടുന്നില്ല സീരിയസായ രോഗികള്‍ക്ക് വേണ്ടത്ര ചികിത്സ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവംവലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹാരിസിനെ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ സിസ്റ്റത്തിന്റെ തകരാര്‍ എന്ന് പറഞ്ഞ് ഒഴിയുന്ന ഒരു നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്.മന്ത്രി വീണാ ജോര്‍ജ് എത്രയും വേഗം ഗവണ്‍മെന്റ് മാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രക്രീയ ഉപകരണങ്ങള്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജുകളിലെങ്ങുമില്ലെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഡിസിസി ഭാരവാഹികളും സമരത്തിന് നേതൃത്വം നല്‍കി.

ഇത്രയധികം പരാജയപ്പെട്ട ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ.മരുന്ന് എത്തിക്കേണ്ട മന്ത്രിയാണ് കുറിപ്പുമായി ആശുപത്രി കയറി ഇറങ്ങുകയാണെന്നും ആരോഗ്യമന്ത്രി ഇത്തരത്തിലുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ നാണംകെട്ട് മന്ത്രിയ്ക്ക് ഇറങ്ങിപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയുമായി താരതമ്യം ചെയ്യുകയും മല്‍സരിക്കുകയും ചെയ്തിരുന്ന കേരളത്തിലെ ആശുപത്രികളും – ആരോഗ്യമേഖലയും ഇന്ന് തകര്‍ച്ചയിലെത്തിയിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. ആരോഗ്യ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനക്കും- അനാസ്ഥക്കുമെതിരെ കെ പി സിസി ആഹ്വാനപ്രകാരം മലപ്പുറം ഡിസിസി മഞ്ചേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 9 വര്‍ഷം കൊണ്ട് നമ്മുടെ ആരോഗ്യരംഗം വര്‍ഷങ്ങളോളം പിന്നോട്ട് പോയെന്നും എപി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെപി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെയ്‌ക്കേണ്ടിവരുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചും, മരുന്നുകളുടെയും ശാസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം എന്നിങ്ങനെ സര്‍ക്കാര്‍ ആശുപത്രികള്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളോടുള്ള അവഗണനയും രോഗികളുടെ ജീവന്‍ വെച്ചുള്ള കളിയും
അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഇടുക്കി ഡി സി സി യുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ‘ കെ പി സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.