‘ബഹു’മാനമില്ലാത്തവരെ ‘ബഹു’മാനം പഠിപ്പിക്കും പിണറായി സര്‍ക്കാര്‍

Jaihind News Bureau
Wednesday, September 10, 2025

തിരുവനന്തപുരം: ഔദ്യോഗിക ഭാഷയില്‍ ‘ബഹു’മാനം കുറഞ്ഞുവരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്, ഉദ്യോഗസ്ഥരെ ‘ബഹു’മാനം പഠിപ്പിക്കാന്‍ ‘ബഹു’ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇറക്കിയ ‘ബഹു’മാന സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു. ‘ബഹു’മാനപ്പെട്ട മുഖ്യമന്ത്രിയുടെയും ‘ബഹു’മാനപ്പെട്ട മന്ത്രിമാരുടെയും പേരിനു മുന്നില്‍ ‘ബഹു’ എന്ന് ചേര്‍ക്കാന്‍ മറക്കുന്നവരെ ഓര്‍മ്മിപ്പിക്കാനാണ് ഈ ‘ബഹു’ഉദ്യമം! ഇനി മേലില്‍ ഔദ്യോഗിക കത്തിടപാടുകളിലും പരാതികള്‍ക്കുള്ള മറുപടികളിലും ‘ബഹു’വിന്റെ അലങ്കാരമില്ലാതെ ആരും ഔദ്യോഗിക വിവരങ്ങള്‍ നല്‍കാന്‍ പാടില്ലത്രേ!

‘പൊതുജനങ്ങള്‍ പലവിധ ആവശ്യങ്ങളുമായി ‘ബഹു’മാനപ്പെട്ടവരുടെ അടുത്തേക്ക് വരുമ്പോള്‍, അവര്‍ക്ക് ലഭിക്കുന്ന മറുപടിയില്‍ ‘ബഹു’വിന്റെ അകമ്പടിയുണ്ടായിരിക്കണം. അപ്പോഴാണ് ‘ബഹു’മാന്യര്‍ക്ക് ശരിയായ ‘ബഹു’മാനം കിട്ടുന്നത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. യോഗങ്ങളില്‍ ‘ബഹു’മാനസൂചകമായി എത്രവേണമെങ്കിലും ഉയര്‍ത്തിയടിക്കാറുണ്ടെങ്കിലും , എഴുതുമ്പോള്‍ പലര്‍ക്കും ആ ‘ബഹു’മാനം ചോര്‍ന്നുപോകുന്നുണ്ടത്രേ. ഇതു ശരിയല്ല. എഴുത്തിലും ബഹുമാനം വേണമെന്നാണ് നിര്‍ദ്ദേശം. ഓഗസ്റ്റ് 30-ന് സര്‍ക്കുലര്‍ പുറത്തിറങ്ങി.

‘പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങള്‍ / പരാതികള്‍ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നല്‍കുന്ന മറുപടി സംബന്ധമായ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്’ – സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍, ഈ ‘ബഹു’മാന സര്‍ക്കുലര്‍ തന്നെ ‘ബഹു’മാനമില്ലായ്മയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ‘ബഹു’ ചര്‍ച്ചയായിക്കഴിഞ്ഞു! ‘ബഹു’ എന്ന് ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവില്‍ത്തന്നെ, പകര്‍പ്പ് നല്‍കേണ്ടവരുടെ പട്ടികയില്‍ ‘ബഹു’ മുഖ്യമന്ത്രി, ‘ബഹു’ മന്ത്രി എന്നിങ്ങനെ രേഖപ്പെടുത്താന്‍ ‘ബഹു’ ഉദ്യോഗസ്ഥര്‍ മറന്നുപോയത്രേ! ‘ബഹു’മാനം പഠിപ്പിക്കാനിറങ്ങിയവര്‍ക്ക് തന്നെ ‘ബഹു’മാനം കുറഞ്ഞുവെന്ന് കണ്ടതോടെ, സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. ഇനി ഈ ‘ബഹു’മാനക്കേടിന് ആര് ആരെ ‘ബഹു’മാനം പഠിപ്പിക്കും എന്ന കാത്തിരിപ്പിലാണ് ‘ബഹു’ജനങ്ങള്‍!