JOSEPH TAJET| ‘ഇടിവീരന്മാരായ പോലീസുകാരെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; പോലീസ് അതിക്രമങ്ങള്‍ക്കെതിരെ തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ്

Jaihind News Bureau
Sunday, September 7, 2025

 

പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. ‘ഇടിവീരന്മാരായ പോലീസുകാരെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. കള പറിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെങ്കില്‍, കോണ്‍ഗ്രസ് ആ കള പറിക്കുമെന്ന്’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടവരെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് പണം ആവശ്യപ്പെട്ടെന്ന് ഉടമ പറയുന്നു. ജീവനക്കാരെ മര്‍ദ്ദിച്ചത് എസ്.ഐ. പി.എം. രതീഷാണെന്നും, ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ഔസേപ്പ് ആവശ്യപ്പെട്ടു.

ഔസേപ്പിന്റെ പരാതി നിലനില്‍ക്കെത്തന്നെ ഒരു മാസത്തിനുള്ളില്‍ രതീഷിന് പ്രമോഷന്‍ ലഭിച്ചത് സംശയമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ വിഷയം വാര്‍ത്തയായതിന് പിന്നാലെ റേഞ്ച് ഡി.ഐ.ജി. തന്നെ ഫോണില്‍ വിളിച്ചെന്ന് ഔസേപ്പ് അറിയിച്ചു. കേസിന്റെ ഫയല്‍ ഇപ്പോള്‍ നോര്‍ത്ത് സോണ്‍ ഐ.ജി.യുടെ പരിഗണനയിലാണെന്നും, ഉചിതമായ നടപടിയെടുക്കാമെന്ന് ഡി.ഐ.ജി. ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള നിയമപോരാട്ടം തുടരുകയാണ് കെ.പി. ഔസേപ്പ്.