പിണറായി സര്‍ക്കാര്‍ ഊരാളുങ്കളിന് ടെന്‍ഡറില്ലാതെ നല്‍കിയത് 3613 കോടിയുടെ കരാര്‍

Jaihind Webdesk
Thursday, October 12, 2023


പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയത് 6511 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ഔദ്യോഗിക രേഖ. ടെണ്ടറില്ലാതെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ പൊതുമേഖല പ്രവര്‍ത്തികള്‍ സമയബന്ധിതമായി തീര്‍ക്കാനെന്ന പേരില്‍ മറ്റ് സഹകരണ സംഘങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയ പലിശക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും ഊരാളുങ്കലിന് നല്‍കിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം തൊട്ട് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി 4681 സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. എല്ലാറ്റിനും ചേര്‍ത്ത് 6511.70 കോടി രൂപ ചെലവു വരുമെന്നാണ് നിയമസഭാ രേഖ.

ഇതില്‍ തന്നെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കല്‍ നടപ്പാക്കുന്നത് ടെണ്ടറില്ലാതെയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഇനം തിരിച്ചുള്ള കണക്ക് പുറത്ത് വരുന്നത്. മറ്റ് സഹകരണ സംഘങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയ പലിശ നിരക്കില്‍ നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

മറ്റ് സഹകരണ സംഘങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഒരു ശതമാനം പലിശ കൂട്ടി നിക്ഷേപം സ്വീകരിക്കാനാണ് അനുമതി. ഇതനുസരിച്ച് ഒരു വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ടര ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒമ്പത് ശതമാനവും പലിശ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതിന് എന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. 21- 22 കാലയളവില്‍ മാത്രം ഊരാളുങ്കലിന്റെ സ്ഥിര നിക്ഷേപത്തില്‍ 614.73 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 2015.14 കോടി രൂപയും 2023 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 225.37 കോടി രൂപയുമാണ് ഊരാളുങ്കലിന്റെ സ്ഥിരനിക്ഷേപം.