ഫ്ലാറ്റ് നിർമാണ അഴിമതിയില്‍ വെട്ടിലായി സര്‍ക്കാർ ; ഫയലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Thursday, August 20, 2020

 

തിരുവനന്തപുരം : ലൈഫ് മിഷൻ വിവാദത്തിൽ വെട്ടിലായി സർക്കാർ. റെഡ് ക്രസന്‍റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്.

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുന്നതിനിടെയാണ് ലൈഫ് മിഷൻ- റെഡ് ക്രസന്‍റ് ധാരണാപത്രത്തിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ധാരണാപത്രം തയാറാക്കിക്കൊണ്ടുവന്നത് റെഡ് ക്രസന്‍റാണ്. നിമമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിൽക്കൂടി ലൈഫ് മിഷന് ഒരു കേന്ദ്രീകൃത സംവിധാനമില്ലാത്തതുകൊണ്ട് ഇതിന്‍റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് വകുപ്പുകളിൽ നിന്നും മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്.

ഏകപക്ഷീയമായി റെഡ് ക്രസന്‍റ് തയാറാക്കിയ ധാരണാപത്രം നടപടിക്രമങ്ങൾ പാലിക്കാതെ തിടുക്കത്തിൽ ഒപ്പിടുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും വീഴ്ചകളുണ്ടായിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ പുറത്തുവന്നിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ നീങ്ങിയത് അതിവേ​ഗത്തിലാണ്. എംഒയു ഒപ്പുവെച്ച ദിവസം തന്നെ ബാക്കിയുള്ള അനുമതികളും ലഭിച്ചു. പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകള്‍ പുറത്തുവന്നിട്ടും യാതൊരുവിധ അന്വേഷണത്തിനും സർക്കാർ തയാറായതുമില്ല. വിവാദങ്ങളോ ആരോപണങ്ങളോ ഉയർന്നാൽ ആ വിഷയത്തിലുള്ള ഫയലുകൾ വിളിപ്പിക്കുന്നത് ഒരു സാങ്കേതിക നടപടി മാത്രമാണ്. തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീനും സമാനമായ രീതിയിൽ ഫയലുകൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം എല്ലാം കയ്യോടെ പിടികൂടിയപ്പോൾ പിടിച്ചുനിൽക്കാനുള്ള അവസാനശ്രമമായിട്ടാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ആക്ഷേപമുയരുന്നത്.