സമസ്ത മേഖലയിലും സര്‍ക്കാര്‍ വന്‍പരാജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സമസ്ത മേഖലയിലും സര്‍ക്കാര്‍ വന്‍പരാജയമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിന്തിരിപ്പന്‍ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബജറ്റ് സാധരണക്കാരുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ചു. രാജ്യവും സംസ്ഥാനവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ബജറ്റിനു കഴിഞ്ഞില്ല.

നികുതി ഭീകരതയ്‌ക്കെതിരെ കോണ്‍ഗ്രസിന്‍റെ നേത്വത്തില്‍ സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം വില്ലേജ് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവശ്യസാധനങ്ങളുടെ വില കുതിച്ചു ഉയരുന്നു. അത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി ബജറ്റിലില്ല. യുവാക്കളെ അവഗണിച്ചു.1103 കോടിയുടെ നികുതി ഭാരം ജനങ്ങള്‍ക്ക് മേള്‍ അടിച്ചേല്‍പ്പിച്ചു. 2012 യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ സേവനാവകാശ നിയമത്തെ അധികവരുമാനത്തിനായി ഫീസ് ഏര്‍പ്പെടുത്തി ദുര്‍ബലപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന പല സര്‍ക്കാര്‍ സേവനങ്ങള്‍ക്കും പിണറായി സര്‍ക്കാര്‍ ഉയര്‍ന്ന ഫീസ് ഈടാക്കി. ജനക്ഷേമം എന്ന വാക്ക് സി.പി.എമ്മിന്‍റെയോ ഇടുതുപക്ഷ ഭരണാധികാരികളുടെ നിഘണ്ടുവിലില്ലെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.

പോക്കുവരവ്, തണ്ടര്‍പേര് ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളുടേയും ഫീസ് നിരക്ക് ബജറ്റില്‍ കുത്തനേ ഉയര്‍ത്തി. ലൊക്കേഷന്‍ മാപ്പിന് 200 രൂപ നല്‍കണം. കെട്ടിടനികുതി വര്‍ധിപ്പിച്ചു ഗുരുതരമായ രോഗം ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസം പകരുന്ന യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാരുണ്യ പദ്ധതിയെ ഇടതു സര്‍ക്കാര്‍ ചുരുട്ടിക്കെട്ടി. പകരം നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി. അവര്‍ പാവപ്പെട്ടവന്‍റെ അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍പോലും ഇടതു സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതിയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് അട്ടിമറിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ സീറോ ലാന്‍റ് പദ്ധതിക്ക് നല്‍കിയ ഭൂമിയിലാണ് പിണറായി സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച നല്‍കിയത്. അര്‍ഹരായ പതിനായിരങ്ങള്‍ക്ക് ഇപ്പോഴും വീടില്ല. അവരെ ഉള്‍പ്പെടുത്തി വലിയ സംഗമം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കും. ലക്ഷം വീട് പദ്ധതി വിജയകരമായി നടപ്പിലാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ സി.പി.എമ്മിന്‍റെ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് ലൈഫ് പദ്ധതിയില്‍ ഇടംപിടിക്കാന്‍ സാധിക്കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പാടെ സ്തംഭിച്ചിരിക്കുന്നു. ബില്ലുകള്‍ മാറുന്നില്ല. 30.21% മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം.ട്രഷറി പൂട്ടുന്ന അവസ്ഥയാണ്. പ്രളയബാധിതരെ അവഗണിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധ ധൂര്‍ത്തിനും ധാരാളിത്വത്തിനും മാത്രം. ഔദ്യോഗിക വിദേശയാത്രകള്‍ ഉല്ലാസയാത്രകളാക്കി മാറ്റി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തിന്റെ കടം ഒന്നര ലക്ഷം കോടിയായി. ജനിക്കുന്ന ഓരോ കുഞ്ഞിനേയും 72,430 രൂപയുടെ ഇടതുസര്‍ക്കാര്‍ കടക്കാരനാക്കി.
ആവര്‍ത്തനവിരമായ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ അവയില്‍ ചിലതുമാത്രമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആലപ്പുഴ കലവൂര്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊല്ലം കുതുക്കട വില്ലേജ് ഓഫീസ് ധര്‍ണ്ണ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസിന് മുന്നിലും ധര്‍ണ്ണകള്‍ നടന്നു. ബഹുജനപങ്കാളിത്തം കൊണ്ട് ധര്‍ണ്ണ ജനശ്രദ്ധ പിടിച്ചുപറ്റി. ധര്‍ണ്ണ വിജയമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, പാലോട് രവി, ഷാനവാസ് ഖാന്‍, അടൂര്‍ പ്രകാശ് എം.പി, എം.എ.വാഹിദ്, എം.എ.ലത്തീഫ്, ഡിസിസി വൈസ് പ്രസിഡന്‍റ് എം.മുനീര്‍, ബ്ലോക്ക് പ്രസിഡന്‍റ് മനോജ്, മണ്ഡലം പ്രസിഡന്‍റ് ഭുവനേന്ദ്രന്‍ നായര്‍, അണ്ടൂര്‍കോണം പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)
Add Comment