KERALA GOVERNMENT| ജനങ്ങളെ കബളിപ്പിക്കാന്‍ പുതിയ നീക്കവുമായി പിണറായി സര്‍ക്കാര്‍; അയ്യപ്പ സംഗമത്തിനു ശേഷം ഇനി വികസന സദസ്സ്

Jaihind News Bureau
Monday, September 22, 2025

അയ്യപ്പ സംഗമത്തിന് പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു രാഷ്ട്രീയ കാപട്യ നാടകമായ വികസന സദസ്സിന് ഇന്ന് തുടക്കമാകും. വികസന സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും.തദ്ദേശ സ്വയം സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടും ബഡ്ജറ്റ് വിഹിതവും പോലും കൃത്യമായി നല്‍കാത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രചാരണത്തിനാണ് വികസദസുകള്‍ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട് വികസന സദസ്സുകള്‍ സംഘടിപ്പിക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മതിയായ വിഹിതം നല്‍കാതെ അവഗണിക്കുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തുന്ന ഈ നീക്കത്തെയും യുഡിഎഫ് ശക്തമായി എതിര്‍ക്കുകയാണ്.വികസന സദസ്സുകളില്‍ നിന്ന് വിട്ട് നിന്ന് യുഡിഎഫ് പ്രതിഷേധിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനെന്ന് പറഞ്ഞ് നടത്തുന്ന വികസന സദസ്സുകള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. കോടികള്‍ മുടക്കി നടത്തുന്ന ഇത്തരം പരിപാടികള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമുള്ളതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. 51 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും എന്ന് തുടങ്ങി വലിയ തള്ളുകളായിരുന്നു സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയില്ല് എന്ന് മാത്രമല്ല, അയ്യപ്പ സംഗമത്തിന് ഭക്തര്‍ പോലും വന്ന് എത്തിനോക്കിയത് പോലുമില്ല. ഒപ്പം മൂന്ന് സെക്ഷനുകള്‍ കേള്‍ക്കാന്‍ ആളൊഴിഞ്ഞ കസേരകള്‍ മാത്രമാണുണ്ടായിരുന്നത്. അതൊക്കെ മാധ്യമങ്ങളുടെ എഐ സൃഷ്ടിയാണെന്നാണ് സിപിഎം സംസ്ഥാന പാര്‍ട്ടി എം.വി ഗോവിന്ദന്‍ പരിഹസിച്ചത്. ഇതിനെല്ലാം ഒടുവിലാണ് ജനങ്ങളെ കബളിപ്പിക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍ എത്തുന്നത്.