മോദിക്ക് പഠിക്കുന്ന പിണറായി: യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞെത്തിയാല്‍ പിന്നെ ജപ്പാനും കൊറിയയും; വിദേശയാത്രയില്‍ മോദിയെ തോല്‍പ്പിക്കാന്‍ പിണറായി

Jaihind Webdesk
Tuesday, May 14, 2019

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ ചെലവ് കുറയ്ക്കണമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ഈ വര്‍ഷമാദ്യം യു.എ.ഇ സന്ദര്‍ശനം നടത്തിയ പിണറായി വിജയന്‍ ഇപ്പോള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്.

യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞെത്തിയാല്‍ ഉടന്‍ ജപ്പാനിലേക്കും തെക്കന്‍ കൊറിയയും സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജപ്പാനില്‍നിന്ന് വ്യവസായികളടങ്ങുന്ന സംഘം കേരളം സന്ദര്‍ശിക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ജപ്പാന്‍ കൊറിയ യാത്രകളുടെ തീയതി തീരുമാനിക്കുക. കെ.ബിജു ഐഎഎസിനാണ് പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശന പരിപാടികളുടെ മേല്‍നോട്ടച്ചുമതല.

ഇപ്പോള്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിലാണു മുഖ്യമന്ത്രി. എട്ടിനാണു യൂറോപ്പിലേക്കു പോയത്. നെതര്‍ലന്‍ഡില്‍ മെയ് ഒമ്പതിനായിരുന്നു ആദ്യ പരിപാടി. 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി. 17ന് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് ഉണ്ടായ ഗുണം എന്താണ്? ഇക്കാര്യത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.

പ്രളയം തകര്‍ത്ത കേരളത്തിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണാര്‍ഥമാണ് പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അവസാനം യുഎഇ സന്ദര്‍ശിച്ചത്. എന്നാല്‍ ഈയാത്രയുടെ ഫലമെന്തായി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഈ യാത്രയില്‍ സംഭാവനയായി കിട്ടിയ തുകയെത്ര? യാത്രക്ക് ചെലവഴിച്ച തുകയെത്ര? മുഖ്യമന്ത്രിയുടെ യാത്രയില്‍ അനുഗമിച്ചത് ആരെല്ലാം തുടങ്ങിയ ചോദ്യഹ്ങള്‍ ബല്‍റാം ഉന്നയിച്ചിരുന്നു. മാസങ്ങളായിട്ടും ഇതിന് ഉത്തരം കിട്ടിയിട്ടില്ല.