പിണറായിയില്‍ ആർഎസ്എസ് പ്രവർത്തകന്‍ ഒളിവില്‍ കഴിഞ്ഞ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ ബോംബേറ്

Jaihind Webdesk
Saturday, April 23, 2022

സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ കണ്ണൂർ പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമിസംഘം വീടിന്‍റെ ജനൽ ചില്ലുകളും അടിച്ച് തകർത്തു. മുഖ്യമന്ത്രിയുടെ വീടിന്‍റെ 200 മീറ്റർ അകലെയാണ് സംഭവം.

ആക്രമണ സമയം വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പൊലീസും ബോംബ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഈ വീട്ടിൽ നിന്നും പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി നിജിൽ ദാസിനെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയെയും പൊലിസ് അറസ്റ്റ് ചെയ്തു.

സിപിഐഎം ശക്തി കേന്ദ്രമായ ഇവിടെ നാട്ടുകാര്‍ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്. നിജില്‍ ദാസിന് ഒളിച്ചുകഴിയാന്‍ സിപിഎം പ്രവർത്തക രേഷ്മ വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണെന്നാണ് പൊലിസ് പറയുന്നത്. ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.