
അധികാരം നഷ്ടപ്പെടുന്ന വിഭ്രാന്തിയില്‍ ജില്ലയില്‍ സിപിഎം ക്രിമിനലുകളെ കയറൂരി വിട്ട് കലാപത്തിന് ശ്രമിക്കുകയാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റ സംഭവം സി പി എം ശക്തികേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതു മുതല്‍ സി പി എം നേതാക്കളും അണികളും സമനില തെറ്റിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വെണ്ടുട്ടായിയില്‍ സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന്റെ കൈപ്പത്തി തകര്‍ന്നത്. പൂവാടന്‍ മീപ്പുരയ്ക്ക് സമീപത്തെ കനാല്‍ കരയില്‍ ആണ് സ്ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിപിന്‍ രാജിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വിപിന്‍ രാജിന്റെ ഒരു കൈപ്പത്തി തകര്‍ന്നു. എന്നാല്‍ പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നിരവധി രാഷ്ട്രീയ അക്രമ കേസില്‍ പ്രതിയാണ് വിപിന്‍ രാജ്. കഴിഞ്ഞ വര്‍ഷം വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ഓഫീസ് തകള്‍ത്ത കേസിലെ പ്രതിയാണ് വിപിന്‍ രാജ്.