പടക്കമല്ല, ബോംബ് തന്നെ! പിണറായി സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ

Jaihind News Bureau
Saturday, December 20, 2025

കണ്ണൂര്‍: പിണറായി വേണ്ടുട്ടായില്‍ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന്റെ കൈപ്പത്തി തകര്‍ന്ന സ്‌ഫോടനത്തിന്റെ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പുറത്ത്. റീല്‍സ് ചിത്രീകരണത്തിനിടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ, പൊട്ടിയത് സാധാരണ ഓലപ്പടക്കമാണെന്ന സിപിഎമ്മിന്റെയും പൊലീസിന്റെയും വാദങ്ങള്‍ പാളുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച വേണ്ടുട്ടായി കനാല്‍ക്കരയില്‍ വെച്ചാണ് വിപിന്‍ രാജിന് ഗുരുതരമായി പരിക്കേറ്റത്. വിപിന്‍ രാജിന്റെ ബന്ധു ഫോണില്‍ ചിത്രീകരിച്ച ദൃശ്യമാണ് പുറത്ത് വന്നത്. എതിരാളികളെ ഭീഷണിപ്പെടുത്താന്‍ അനധികൃതമായി നിര്‍മ്മിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിതെറിച്ചത്.

സംഭവം നടന്നതിന് പിന്നാലെ സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കളുടെ രാസപരിശോധനാ ഫലം പുറത്തുവരാനിരിക്കെയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വിപിന്‍ രാജിന് സ്‌ഫോടകവസ്തു എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന ആക്ഷേപം ശക്തമാണ്.