മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള എല്ലാ ഒത്തുതീർപ്പുകളുടെയും ഇടനിലക്കാരന്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് ഉണ്ടായതാണ് ധനപ്രതിസന്ധി. മുഖം രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ പ്രതിപക്ഷം പങ്കാളിയാകില്ലെന്നും സിപിഎമ്മുമായി ചേര്‍ന്നുള്ള ഒരു സമരത്തിനും യുഡിഎഫ് ഇല്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞത്:
മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ മാസപ്പടി ആരോപണം അഴിമതി വിരുദ്ധ നിയമത്തിന്‍റെയും കള്ളപ്പണം വെളുപ്പിക്കലിന്‍റെയും പരിധിയില്‍ വരുന്നതിനാല്‍ അന്വേഷണം വേണമെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നിട്ടും സിബിഐയോ ഇഡിയോ അന്വേഷിക്കേണ്ട കേസ് കോര്‍പറേറ്റ്കാര്യ മന്ത്രാലയം എന്തിനാണ് അന്വേഷിക്കുന്നതെന്ന് മനസിലാകുന്നില്ല.
എക്‌സാലോജിക് കമ്പനിക്ക് അവരുടെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ അവസരം നല്‍കിയിട്ടും ഒരു രേഖയും ഹാജരാക്കിയില്ലെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം കൈമാറിയതും നികുതി അടച്ചതും അല്ലാതെ ഒരു രേഖയും കമ്പനിയുടെ കയ്യിലില്ല. അതുകൊണ്ടാണ് കള്ളപ്പണം വെളുപ്പിച്ചു എന്ന കണ്ടെത്തലിലേക്ക് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എത്തിയത്. മുഖ്യമന്ത്രിക്കും ഇതില്‍ പങ്കുണ്ട്. മുഖ്യമന്ത്രി ഇല്ലെങ്കില്‍ മറ്റൊരു കമ്പനിക്ക് മകളുടെ കമ്പനിയിലേക്ക് പണം കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. പണം നല്‍കിയ വിവരം ആലുവയിലെ കമ്പനി കെഎസ്ഐഡിസിയെയോ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയോ അറിയിച്ചില്ല.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും സിബിഐ, ഇഡി അന്വേഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് ഉത്തരവ് നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ നിലനില്‍ക്കുന്ന എന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്.
എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകളെ എ.കെ. ബാലന്‍ ന്യായീകരിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള ഇടപാടിനെ കുറിച്ച് എ.കെ. ബാലനും സിപിഎമ്മിനും അറിയാമോ? സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോ? എന്നാല്‍ എ.കെ. ബാലന്‍ ഈ രേഖകള്‍ മുഴുവന്‍ ഹാജരാക്കട്ടെ. ഇന്‍കം ടാക്‌സ് ഇന്‍റരിം സെറ്റില്‍മെന്‍റ് ബോര്‍ഡിനും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുന്നിലും ഹാജരാക്കത്ത രേഖകള്‍ എ.കെ. ബാലന്‍ ഹാജരാക്കട്ടെ. അല്ലാതെ വെറുതെ പറഞ്ഞിട്ട് കാര്യമില്ല.
കര്‍ണാടക സര്‍ക്കാരാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറയുന്നത് തെറ്റിദ്ധാരണയിലാണ്. കൊലപാതകം, അഴിമതി കേസുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടത്. ഇത് കേരളത്തിലും കര്‍ണാടകത്തിലുമായി നടന്ന കുറ്റകൃത്യമാണ്. പാര്‍ലമെന്‍റ് പാസാക്കിയ കേന്ദ്ര നിയമങ്ങളുടെ ഭാഗമായാണ് ഇന്‍കംടാക്‌സ് ഇന്‍റരിം സെറ്റില്‍മെന്‍റ് ബോര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നീ സ്റ്റാറ്റ്യൂട്ടറി അതോറിറ്റികള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിനോ കേരള സര്‍ക്കാരിനോ ഇതില്‍ ഒരു കാര്യവുമില്ല. എന്നിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് മുരളീധരന്‍ പറയുന്നത്. മുരളീധരനും പിണറായി വിജയനും തമ്മില്‍ സെറ്റില്‍മെന്‍റുണ്ട്. എല്ലാത്തിനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുരളീധരനാണ്. അതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം സിബിഐയും ഇഡിയും അന്വേഷിക്കാതെ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തെ ഏല്‍പ്പിച്ചത്. സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയേക്കാള്‍ വലുതാണോ ഒരു മന്ത്രാലയം? ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന് മുരളീധരനും ഈ കേസിലെ പ്രതിയാണ്. പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള എല്ലാ സെറ്റില്‍മെന്‍റുകളുടെയും ഇടനിലക്കാരനാണ് വി. മുരളീധരന്‍. സ്വര്‍ണ്ണക്കടത്ത്, ലാവലിന്‍, ലൈഫ്മിഷന്‍ കോഴ കേസുകളില്‍ പിണറായി സംഘപരിവാറുമായി സെറ്റില്‍മെന്‍റുണ്ടാക്കിയത് മുരളീധരന്‍റെ ഇടനിലയിലാണ്. അതിന് പകരമായാണ് മുരളീധരന്‍റെ സ്വന്തം ആളായ കെ. സുരേന്ദ്രനെ പിണറായി വിജയന്‍ കുഴല്‍പ്പണ ഇടപാടില്‍ നിന്നും മാറ്റിക്കൊടുത്തത്. പരസ്പരം ധാരണയാണ്. എന്നിട്ടാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗവര്‍ണറുമായി ഏറ്റുമുട്ടുന്നതും ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുന്നതും. ആ കൈ കൂപ്പിയുള്ള നില്‍പ്പുണ്ടല്ലോ, അത് എല്ലാത്തിനുമുള്ള മറുപടിയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനിയും കേസുകളെടുക്കട്ടെ. യൂത്ത് കോണ്‍ഗ്രസിനെ കേരളത്തിലെ ഏറ്റവും വലിയ യുവജന ശക്തിയാക്കി മാറ്റാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എത്ര കേസുകള്‍ വേണമെങ്കിലും എടുക്കട്ടെ.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ പോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാന്‍ യുഡിഎഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ക്ഷണം സ്വീകരിക്കരുതെന്നും സര്‍ക്കാരിന്‍റെ കെണിയില്‍ വീഴരുതെന്നുമാണ് എല്ലാ ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. ഇക്കാര്യം കത്തിലൂടെ അറിയിക്കും.
സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയും കഴിവുകേടുമാണ്. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്രത്തിന്‍റെ അവഗണന. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിയെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 14-ാം ധനകാര്യ കമ്മീഷനില്‍ നിന്നും പതിനഞ്ചിലേക്ക് എത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞിട്ടുണ്ട്. വിഹിതം കുറയ്ക്കരുതെന്നാണ് രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
കൃത്യമായി അക്കൗണ്ട് നല്‍കാത്തതിലൂടെ സംസ്ഥാനത്തിന് 30,000 രൂപയാണ് നഷ്ടമായത്. സ്വര്‍ണത്തില്‍ നിന്നും നികുതി പിരിക്കാതെ പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടപ്പെട്ടത്. ബാറില്‍ നിന്നും ആയിരക്കണക്കിന് കോടിയും ജിഎസ്ടിക്ക് അനുകൂലമായ നികുതി ഭരണഘടന പരിഷ്‌കരിക്കാത്തതിലൂടെ കോടികളുടെ നഷ്ടവുമാണുണ്ടാകുന്നത്. ചെക്ക്‌പോസ്റ്റും ക്യാമറകളും പരിശോധനയും ഇല്ലാതെ കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി ഈ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ധനപ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഈ സര്‍ക്കാരിനാണ്. അതില്‍ നിന്നും കൈകഴുകുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്രകാലവും ഇല്ലാതിരുന്ന സമരവുമായി ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പോകുന്നത്.
സമരത്തില്‍ പങ്കെടുക്കുമോയെന്ന് യുഡിഎഫ് അറിയിക്കുന്നതിന് മുമ്പെ എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ചിട്ട് വേണമെങ്കില്‍ വന്നാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇവര്‍ക്ക് പിന്നാലെ ആര് പോകും. ഇവരുമായി ചേര്‍ന്നുള്ള ഒരു സമരത്തിനും ഞങ്ങള്‍ ഇല്ല. ഇത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സര്‍ക്കാരാണ്. സംസ്ഥാനത്തെ മുച്ചൂടും തകര്‍ത്ത സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നടത്തുന്ന ഒരു ശ്രമത്തിലും യുഡിഎഫ് പങ്കാളികളാകില്ല.