Pinarayi- Binoy Viswam | വന്നു , കണ്ടു, സിപിഐ കീഴടങ്ങിയില്ല.. !! പിണറായി വിജയനു കീഴടങ്ങാതെ എതിര്‍പ്പ് ; പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ബിനോയ് വിശ്വം

Jaihind News Bureau
Monday, October 27, 2025

കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ (PM-SHRI – PM Schools for Rising India) പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ സി.പി.ഐ.യും സിപിഎമ്മും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ, പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്ന വിഷയത്തില്‍ സി.പി.ഐ.യുടെ എതിര്‍പ്പ് തുടരുമെന്ന് ഉറപ്പായി. ഇടതു നയത്തെ തള്ളി കേന്ദ്രസഹായം സ്വീകരിക്കുന്നതിനായി കരാറില്‍ ഒപ്പിട്ടതാണ് മുന്നണിയില്‍ കലാപമുയര്‍ത്തിയത്. മുന്നണി മര്യാദകള്‍ എല്ലാം അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി ശിവന്‍കുട്ടിയും ചേര്‍ന്ന് എടുത്ത നടപടിയായാണ സിപിഐ ഇതിനെ കാണുന്നത് .

പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സി.പി.ഐ. ശക്തമായ നിലപാടെടുത്തിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഈ പദ്ധതിയെന്ന് സി.പി.ഐ. ആരോപിച്ചു. എന്‍.ഇ.പി. (ദേശീയ വിദ്യാഭ്യാസ നയം) യുടെ ഭാഗമായുള്ള പദ്ധതിയാണിതെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഇത് കാരണമാകുമെന്നും വ്യക്തമാണെന്നിരിക്കെ ഇതുവരെയുള്ള നിലപാടുകളെ എല്ലാം തള്ളിയാണ് സിപിഎം കേന്ദ്രത്തിന ്കീഴടങ്ങിയിരിക്കുന്നത്. ബിജെപിയും പിണറായിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാകുന്ന തരത്തിലാണ് ഇതുവരെയുള്ള നടപടികളെല്ലാം വിലയിരുത്തപ്പെടുന്നത്.

പി.എം. ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമാണെന്നിരിക്കെ സി.പി.ഐ.യുടെ ആശങ്ക വളരെ പ്രസക്തമാണ്. എന്‍.ഇ.പി.യോടുള്ള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും പൊതുവായി എതിര്‍ക്കുകയാണ്. ആ പ്രതിരോധം നിലനില്‍ക്കെ നയത്തിന്റെ ഭാഗമായ ഒരു പദ്ധതി എങ്ങനെ സ്വീകാര്യമാകും എന്ന ചോദ്യമാണ് പ്രതിപക്ഷത്തോടൊപ്പം സി.പി.ഐ. ഉന്നയിക്കുന്നത്. മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെയാണ് സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തത്. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രത്തിന്റെ അനാവശ്യമായ ഇടപെടലുകള്‍ക്ക് പി.എം. ശ്രീ പദ്ധതി വഴിയൊരുക്കുമെന്നും, ഇത് സംസ്ഥാനത്തിന്റെ അധികാരങ്ങളെയും സ്വയംഭരണത്തെയും ദുര്‍ബലപ്പെടുത്തുമെന്നും സി.പി.ഐ.വാദിക്കുന്നു.

ചര്‍ച്ചയില്‍ സി.പി.ഐ. ഉന്നയിച്ച ആശങ്കകള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ആലപ്പുഴയില്‍ എത്തി സിപിഐ സംസ്ഥാന സെക്രട്ടറിയേയും മന്ത്രിമാരേയും കണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാധിച്ചില്ല. സി.പി.എം. നേതൃത്വത്തിനും മതിയായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും അത് സംസ്ഥാനത്തിന് നല്‍കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും, സി.പി.ഐ. അവരുടെ നിലപാടില്‍ ഉറച്ചുനിന്നു. ദേശീയ വിദ്യാഭ്യാസ നയവുമായുള്ള ബന്ധം, സംസ്ഥാനത്തിന്റെ നയങ്ങള്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളില്‍ സി.പി.ഐ.ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കാതെ വന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ പ്രധാന കാരണം. പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നായിരുന്നു ചര്‍ച്ചയ്ക്കു ശേഷം ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

ചര്‍ച്ച പരാജയപ്പെട്ടതോടെ, പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്ന വിഷയത്തില്‍ സി.പി.ഐ. എതിര്‍പ്പ് തുടരും. ഇത് എല്‍.ഡി.എഫ്. മുന്നണിയില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. മന്ത്രിസഭാ സമ്മേളനത്തിലും പങ്കെടുക്കില്ല എന്ന നിലപാട് സ്വീകരിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഇത് വലിയ ഭരണപ്രതിസന്ധി സൃഷ്ടിക്കും.