സാദിഖലി തങ്ങളെ മതനിരപേക്ഷത പഠിപ്പിക്കാന്‍ പിണറായി വരണ്ട : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 18, 2024


തിരുവനന്തപുരം: പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് ഇന്ത്യയിലങ്ങോളമിങ്ങോളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കേരളം കത്താതെ നിന്നത് പാണക്കാട് കുടുംബത്തിന്റെ ഇടപെടലും മുസ്ലിം ലീഗിന്റെ നിലപാടും കൊണ്ടാണ്. ആ കുടുംബത്തില്‍ പെട്ട ഒരാളിനെ മതനിരപേക്ഷത പഠിപ്പിക്കാന്‍ പിണറായി വിജയന്‍ ഇറങ്ങിപ്പുറപ്പെടേണ്ടതില്ല. സാദിഖ് അലി തങ്ങള്‍ പാണക്കാട് കുടുംബത്തിന്റെയും മുസ്ലിം ലീഗിന്റെയും മതനിരപേക്ഷ നിലപാടുകള്‍ മുറുക്കിപ്പിടിക്കുന്നയാളാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംഘപരിവാര്‍ പാളയത്തില്‍ നിന്നു പുറത്തു കടന്നു മതനിരപേക്ഷ ചേരിയിലെത്തിയ സന്ദീപ് വാര്യരെ പാണക്കാട് സ്വീകരിച്ചതാണ് പിണറായി വിജയനെ ചൊടിപ്പിച്ചിരിക്കുന്നത്. വാര്യര്‍ക്കായി ചുവപ്പു പരവതാനി വിരിച്ചു കാത്തിരുന്നിട്ടും ലഭിക്കാത്ത കൊതിക്കെറുവാണ്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതിയില്‍ മാത്രമേ പിണറായിയുടെ ഈ രോഷത്തെ കാണുന്നുള്ളൂ. മതനിരപേക്ഷ ചേരിയിലേക്ക് ആള്‍ക്കാര്‍ എത്തുമ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന മഹത്തായ പാരമ്പര്യമാണ് പാണക്കാട് കുടുംബം കാട്ടിയിരിക്കുന്നത്. സ്വന്തം സഖ്യകക്ഷിയായ ബിജെപിയില്‍ നിന്നു നേതാക്കളും അണികളും കൊഴിഞ്ഞു പോകുന്നത് പിണറായി വിജയനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുമായി ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് പിണറായി വിജയന്. കേരളത്തില്‍ സാമുദായിക ധ്രവീകരണം ഉണ്ടാക്കുന്ന എല്ലാ സംഘടനകളെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് പിണറായി സെക്രട്ടറിയായതു മുതല്‍ സിപിഎമ്മിനുള്ളത്. ഇപ്പോള്‍ തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചതിലും പാലക്കാട് ബിജെപിക്കു സഹായകമായ നിലപാടുകള്‍ എടുക്കുന്നതിലും എത്തിനില്‍ക്കുന്നു അത്. കേരളത്തെ വര്‍ഗീയമായി വിഭജിച്ചാലേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളു എന്ന അവസ്ഥയിലേക്ക് സിപിഎം അധപതിക്കുന്നത് സങ്കടകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.