‘പിണറായി വിജയന് പിൻവാതിൽ നിയമനങ്ങളുടെ ലോകകപ്പ് നൽകണം’: ഷാഫി പറമ്പില്‍ | VIDEO

Jaihind Webdesk
Tuesday, December 13, 2022

കൊല്ലം: ഏറ്റവും അധികം പിൻവാതിൽ നിയമനങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന് പിൻവാതിൽ നിയമനങ്ങളുടെ ലോകകപ്പ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

പിഎസ്‌സി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും നിരുത്തരവാദിത്വവും മൂലം ചവറ സ്വദേശിനി നിഷയ്ക്ക് സർക്കാർ ജോലി നഷ്ടമായ സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് പ്രത്യക്ഷ സമര പരിപാടി ആരംഭിച്ചു. നിഷയ്ക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷയ്ക്ക് നീതി ലഭിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഷാഫി പറമ്പില് വ്യക്തമാക്കി.

ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് വൈകിപ്പിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം. നിഷയുടെ വിലാപം, സർക്കാർ ഹൃദയം കൊണ്ടു കേൾക്കാൻ തയാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മറ്റ് 13 ജില്ലകളിലും നിരാഹാര സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.