‘ജനങ്ങളെ പിഴിയുന്ന കാര്യത്തില്‍ മോദിയെ കടത്തിവെട്ടുന്ന ആളാണ് പിണറായി’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, February 14, 2023

 

കണ്ണൂർ: അഴിമതിക്കാരനായ ആളുകളെ അഴിമതിക്കാരല്ലാതാക്കി മാറ്റുന്ന വാഷിംഗ് മെഷീനായി ബിജെപി മാറിയതായി എഐസിസി ജനറൽ സെക്രട്ടറികെ.സി വേണുഗോപാൽ എംപി. ജനങ്ങളെ പിഴിയുന്ന കാര്യത്തിൽ മോദിയെ കടത്തിവെട്ടുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ചൂണ്ടിക്കാട്ടി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഹാഥ് സെ ഹാഥ് അഭിയാൻ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും.

കണ്ണൂർ ഡിസിസി ഓഫിസിൽ നടന്ന കൺവൻഷനിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി നടത്തിയത്. രാഹുൽ ഗാന്ധിയുടെ പാർലമെന്‍റിലെ രണ്ട് പ്രസംഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്യാൻ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പാർലമെന്‍റിലെ പ്രസംഗം മാത്രമാണ് നീക്കം ചെയ്യാൻ പറ്റുകയുള്ളൂ, എന്നാൽ ജനങ്ങളുടെ മുന്നിൽ പറയുന്ന കാര്യങ്ങൾ നീക്കം ചെയ്യാൻ കഴിയില്ലെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. അഴിമതിക്കാരനായ ആളുകളെ അഴിമതിക്കാരല്ലാതാക്കി മാറ്റുന്ന വാഷിംഗ് മെഷീനായി ബിജെപി മാറിയതായും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്താൽ അപ്പോൾ തന്നെ ഇഡിയുടെ നോട്ടീസ് വരുമെന്നാണ് രാജ്യത്തെ അവസ്ഥ. മോദിക് പഠിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്ന പിണറായി വിജയൻ.
ജനങ്ങളെ പിഴിയുന്ന കാര്യത്തിൽ മോദിയെ കടത്തിവെട്ടുന്ന ആളാണ് പിണറായി വിജയന്‍. കേരള ഭരണം എപ്പോഴും ഇവരായിരിക്കുമെന്ന് പോലീസുകാരിൽ ചിലർ ധരിച്ചുവെച്ചിട്ടുണ്ട്. അത് വെറും വിചാരം മാത്രമാണ്.
എറണാകുളത്ത് കെഎസ്‌യു പ്രവർത്തകയെ പിടിച്ചുകൊണ്ടുപോയ പോലീസുകാരൻ ഓർക്കുന്നത് നല്ലതാണെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ഇന്ത്യാ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷനായ ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ, കെപിസിസി നേതാക്കളായ സോണി സെബാസ്റ്റ്യൻ, പി.എം നിയാസ്, ചന്ദ്രൻ തില്ലങ്കേരി, മേയർ ടി.ഒ മോഹനൻ, ഷമ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ബാൻഡ് സംഘത്തെയും കേരള യാത്രികരെയും സേവാദൾ വളണ്ടിയർമാരെയും ചടങ്ങിൽ ആദരിച്ചു.