CONGRESS MARCH| ‘പിണറായിയും പോലീസും വര്‍ഗീയതയ്ക്ക് കൂട്ടു നില്‍ക്കുന്നു’; ‘വധഭീഷണി’ മുഴക്കിയ ബിജെപി നേതാവിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ മാര്‍ച്ച്

Jaihind News Bureau
Monday, September 29, 2025

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. വക്താവ് പിന്റു മഹാദേവ് തത്സമയ ടെലിവിഷനില്‍ നടത്തിയ ‘വധ ഭീഷണി’യില്‍ ഇതുവരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പിണറായിയും പോലീസും വര്‍ഗീയതയ്ക്ക് കൂട്ടു നില്‍ക്കുന്നുവെന്നും പിന്റുമഹാദേവിനെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, എഐസിസി പ്രതിനിധി ദീപാദാസ് മുന്‍ഷി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് മാര്‍ച്ച് നടത്തിയത്.

മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ പിന്മുറക്കാരാണ് ബിജെപി. അവരാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി നടത്തിയത്. അതിനെതിരെ ഒരു കേസ് പോലും എടുക്കാതെ കൂട്ടുനിന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായിയും പോലീസും വര്‍ഗീയതയ്ക്ക്്് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.