വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു: അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാർ; അന്വേഷണം

Thursday, June 23, 2022

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (16) ആണ് മരിച്ചത്. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. റോഡിലൂടെ ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അര്‍ജുന്‍റെ മുകളിലേക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാഹനങ്ങള്‍ എപ്പോഴും കടന്നുപോകുന്ന പ്രധാന പാതയിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

മരിച്ച ബൈക്ക് യാത്രക്കാരന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്ന് പൊലീസ് പറയുന്നു.