ഫോണ്‍ ചോർത്തുന്നത് അദാനിക്കുവേണ്ടി; ഭയമില്ല, എന്തുചെയ്താലും പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, October 31, 2023

 

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇമെയിലും ഹാക്ക് ചെയ്യുന്നുവെന്ന്   രാഹുൽ ഗാന്ധി. ആപ്പിൾ കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് എന്നിവർക്കും സന്ദേശം ലഭിച്ചതായും രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തു തന്നെ ചെയ്താലും അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനിക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തിന്‍റെ അധികാരത്തിൽ ഒന്നാമൻ അദാനിയാണ്. മോദിയുടെയും അമിത് ഷായുടെയും സ്ഥാനം അദാനിക്കു പിന്നിലാണ്. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്കു തീറെഴുതിയെന്നും രാഹുല്‍ പറഞ്ഞു.

“നരേന്ദ്ര മോദിയുടെ ആത്മാവ് അദാനിയിൽ ആണ്. പ്രതിപക്ഷം ഏറ്റവും കൂടുതൽ കാലം രാജാവിനെ (മോദി) ആക്രമിക്കുകയായിരുന്നു, എന്നാൽ രാജാവ് രാജാവല്ല. അധികാരം മറ്റൊരാളുടെ കൈയിലാണ്. അദാനിയുടെ കൈകളിലാണ്. നമ്മൾ അദാനിയെ തൊടുമ്പോൾ തന്നെ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനം, രഹസ്യനിരീക്ഷണം ആരംഭിക്കുന്നു. നമ്പർ 1 പ്രധാനമന്ത്രിയാണെന്നും നമ്പർ 2 അദാനിയാണെന്നും നമ്പർ 3 അമിത് ഷായാണെന്നുമാണ് ഞാൻ കരുതിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണ്. നമ്പർ 1 അദാനിയും നമ്പർ 2 പ്രധാനമന്ത്രിയും നമ്പർ 3 ഷായുമാണ്. ഇതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ രാഷ്ട്രീയം. എത്രവേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല. അദാനിക്കെതിരായ പോരാട്ടം തുടരും” –  രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, കോൺഗ്രസ് എംപി ശശി തരൂർ, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവരും ഫോണ്‍ ചോർത്തുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. ആപ്പിള്‍ കമ്പനിയുടെ മുന്നറിയിപ്പിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഇവർ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.