കിരണ്‍ കുമാർ കാറിന് വേണ്ടി കലഹിക്കുന്ന ശബ്ദരേഖ പുറത്ത്; വിസ്മയ കേസില്‍ വിധി അല്‍പസമയത്തിനകം

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസില്‍ ഇന്ന് വിധി വരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുന്നതിന്‍റെ ഫോണ്‍സംഭാഷണം പുറത്തുവന്നു. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നാണ് ഫോൺ സംഭാഷണത്തിൽ. ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസ്മയയോട് കിരണ്‍ വിലപേശുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

”എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കണ്ടാന്ന്. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി. വെന്‍റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ? പിന്നെ എന്താണ് രാത്രിക്ക്‌ രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്? രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്‍റെ കിളി അങ്ങ് പറന്നുപോയി. ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്. ഞാന്‍ വ്യക്തമായി വെന്‍റോ വേണമെന്ന് പറഞ്ഞതാ. ഞാന്‍ ഇയാളുടെ അടുത്ത് പറഞ്ഞതല്ലേ? അതെന്താ അവരോട് പറയാഞ്ഞത്?”

അന്ന് കുഴപ്പമില്ലായിരുന്നല്ലോ എന്ന വിസ്മയയുടെ ചോദ്യത്തിന് തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും ഇയാള്‍ വിസ്മയയോട് പറയുന്നു. കേസില്‍ ഇന്ന് 11 മണിക്ക് കോടതി വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് സമൂഹമനസാക്ഷിയെ പിടിച്ചുലച്ച വിസ്മയ കേസിൽ വിധി പ്രസ്താവിക്കുന്നത്. ഇനിയൊരു പെൺകുട്ടിക്കും ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകാത്ത തരത്തിൽ സമൂഹത്തിന് മാതൃകയാകുന്ന ഒരു വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ മാതാവ് സജിത പറഞ്ഞു.

Comments (0)
Add Comment