പി ജി വെയിറ്റേജ് പിന്‍വലിക്കല്‍: സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനം വൈകിയേക്കും; സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കാകുന്നു

Jaihind News Bureau
Monday, June 8, 2020

 

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനം വൈകിയേക്കും. പി ജി വെയിറ്റേജ് എടുത്തു മാറ്റുന്നതിലൂടെ നിയമനം 10 വര്‍ഷത്തേക്കെങ്കിലും നിലയ്ക്കുമെന്ന് വിലയിരുത്തല്‍. സാമ്പത്തിക ബാധ്യതയെന്നാണ് സര്‍ക്കാരിന്‍റെ ന്യായീകരണം. ഇതോടെ പുതിയ തലമുറയുടെ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്തില്ലെന്ന എല്‍ഡിഎഫ് വാഗ്ദാനം പാഴ്‌വാക്കാകുകയാണ്.

കേരള സര്‍വകലാശാലയുടെ തുടക്കം മുതലുണ്ടായിരുന്ന പി.ജി വെയിറ്റേജ് രീതി മാറ്റി ഏപ്രില്‍ ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പി ജി ഡിപ്പാര്‍ട്മെന്‍റുകളിലുണ്ടാകുന്നത് 1300 ഓളം തസ്തികകളുടെ നഷ്ടമെന്നാണ് ഏകദേശ കണക്ക്. പുതിയ സ്റ്റാഫ് ഫിക്സേഷനിലൂടെ അധികമാകുന്ന അധ്യാപകരെയാകും പുതിയ തസ്കികകളിലും ഒഴിവു വരുന്നിടങ്ങളിലും നിയമിക്കുക. ഇതോടെ അധ്യാപക നിയമനം പ്രതീക്ഷിച്ചിരിക്കുന്ന നൂറുകണക്കിന് ഉന്നത വിദ്യാഭ്യാസ നേടിയവര്‍ പ്രതിസന്ധിയിലാവുകയാണെന്ന് ഉദ്യോഗാർത്ഥികൾ  ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
16 മണിക്കൂര്‍ അധ്യയനം എന്ന നിബന്ധന നിര്‍ബന്ധമാക്കുന്നതോടെ  ഭാഷാ അധ്യാപകരുൾപ്പടെ അധ്യയനം കുറഞ്ഞ വിഷയങ്ങളിലെ നിയമനവും മരവിപ്പിക്കും. ജൂണ്‍ 1 ന് മുമ്പുവുരെ നിയമനം നേടിയവര്‍ക്ക് തൊഴില്‍ നഷ്ടമാകില്ലെന്നും സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു.  സാമ്പത്തിക പ്രതിസന്ധിക്കിടയിലും അഴിമതി തുടർക്കഥയാകുന്ന ഇടതുസർക്കാർ സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തസ്തിക വെട്ടിക്കുറയ്ക്കുന്നത് . എന്നാൽ അധ്യാപകരുടെ തസ്തിക വെട്ടി കുറച്ച് പുതിയ തലമുറയുടെ ജോലി സാധ്യത സാധ്യതകൾ ഇല്ലാതാക്കുന്ന ഇടത് സർക്കാർ  ലംഘിക്കുന്നത്
എൽഡിഎഫിന്റെ  പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്.