പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തില്‍; മുഖം തിരിച്ച് സർക്കാർ; സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി

Jaihind Webdesk
Friday, December 10, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം തുടരുന്നു. അത്യാഹിതവിഭാഗങ്ങളിലെ സേവനങ്ങൾ ഉൾപ്പെടെ ബഹിഷ്കരിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്തുന്നത്. അതേസമയം ഡോക്ടർമാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടർമാരുടെ സമരം ഒമ്പത് ദിവസം പിന്നിട്ടിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് അനിശ്ചിതകാല സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങാൻ കാരണം. അത്യാഹിത വിഭാഗങ്ങളിലെ ജോലികൾ ഉൾപ്പെടെ ബഹിഷ്കരിച്ചാണ് പിജി ഡോക്ടർമാർ ശക്തമായ സമരവുമായി മുന്നോട്ടു പോകുന്നത്.

നീറ്റ് പിജി കൗൺസിലിംഗ് ഉടനടി നടപ്പാക്കുക, മുടങ്ങിക്കിടന്നിരുന്ന പിജി വിദ്യാർത്ഥികളുടെ അധ്യയനം പുനരാരംഭിക്കുക, ഡോക്ടർമാരുടെ അധിക ജോലിക്ക് അർഹതപ്പെട്ട ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയുള്ള ഡോക്ടർമാരുടെ സമരം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തുകയും ജോലി ഭാരം കുറയ്ക്കുന്നതിന് ആവശ്യമായ ജൂനിയർ ഡോക്ടർമാരെ നിയമിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം. അതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പ്രാവർത്തികമാകും വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. അതേസമയം ഡോക്ടർമാരുടേത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും നിലവിലെ അവസ്ഥ നിർഭാഗ്യകരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.