പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി; ദുരന്തത്തിൽ അകപ്പെട്ട 9 പേർക്കായി തിരച്ചിൽ തുടരും

Jaihind News Bureau
Wednesday, August 19, 2020

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി.  ഇന്നലെ നടത്തിയ തിരച്ചിലിൽ 3 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അശ്വന്ത് രാജ് (6), അനന്ത ശെൽവം (57) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തത്തിൽ അകപ്പെട്ട 9 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്ടിമുടിയിൽ തിരച്ചിൽ നടത്തിയത്. ദുരന്തഭൂമിയിൽ നിന്നും വലിയ തോതിൽ മണ്ണ് വന്നടിഞ്ഞ ഗ്രാവൽ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും ഊർജിതമായ തിരച്ചിൽ നടന്നത്.

പുഴയോരത്തും സമീപ പ്രദേശങ്ങളിലും തിരച്ചിൽ തുടർന്നു. മണ്ണിനടിയിൽ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കിൽ അവ കണ്ടെത്താൻ സഹായിക്കുന്ന റഡാർ സംവിധാനത്തിന്‍റെ സഹായം തിരച്ചിൽ ജോലികൾക്ക് ഉപയോഗപ്പെടുത്തി. ആറ് മീറ്റർ ആഴത്തിൽ വരെ സിഗ്‌നൽ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചെന്നൈയിൽ നിന്നുള്ള 4 അംഗ സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നായ്ക്കളുടെ സഹായം തിരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിപ്പിച്ച് കാലാവസ്ഥ മോശമായതിനാൽ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ അനുകൂല കാലാവസ്ഥയാണെങ്കിൽ ഡോഗ് സ്‌ക്വാഡും തിരച്ചിലിൽ സജീവമാകും. ഡീൻ കുര്യാക്കോസ് എം.പി , എസ് രാജേന്ദ്രൻ എം.എൽ.എ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി പെട്ടിമുടിയിലുണ്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചിൽ തുടരുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പോലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശവാസികളുടെ സഹായവും തിരച്ചിൽ സംഘത്തിന് ലഭിക്കുന്നുണ്ട്. പെട്ടിമുടിയിൽ ഇന്നലെ മഴ പെയ്തത് തിരച്ചിൽ ജോലികൾക്ക് നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.