പേട്ടയില്‍ ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍

Jaihind Webdesk
Thursday, July 1, 2021


തിരുവനന്തപുരം : ഭാര്യമാരെ കടന്നാക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഏജീസ് ഓഫിസ് ജീവനക്കാരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചിൽ തുടരുന്നു.

കുടുംബവുമായി നടക്കാനിറങ്ങിയ ഹരിയാന സ്വദേശിയും ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും ഏജീസ് ഓഫിസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 8.30ന് പേട്ട അമ്പലമുക്കിലായിരുന്നു സംഭവം. തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഇരുചക്രവാഹനത്തിൽ എത്തിയ സംഘം ഭാര്യമാരെ കടന്ന് പിടിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞതോടെയായിരുന്നു ആക്രമണം. കത്തി കൊണ്ടുള്ള ആക്രമണത്തിൽ ഇവരുടെ വിരലിനും കൈയ്ക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റ് വീട്ടിലേക്ക് മടങ്ങിയ ഇവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമത്തിന് തൊട്ടുപിന്നാലെ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും, പിറ്റേദിവസം ഉച്ചയ്ക്ക് പേട്ട പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് കേസെടുത്തത്.