ഇനിയുള്ള ദിവസങ്ങളില്‍ ഇന്ധനവില ഉയരും

Jaihind Webdesk
Wednesday, January 9, 2019

ന്യൂഡല്‍ഹി: ഇനിയുള്ള ദിവസങ്ങളില്‍ ഇന്ധനവിലയില്‍ ഉയര്‍ച്ചയുണ്ടായെക്കും. ക്രൂഡ് ഓയില്‍ വില രാജ്യാന്തര വിപണിയില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇന്ധനവിലക്കയറ്റത്തിന് കാരണം. പെട്രോളിന് ലിറ്ററിന് 70.43 രൂപയും ഡീസലിന് 65 രൂപ 71 പൈസയുമാണ് ഇന്നത്തെ വില. ഒരുഘട്ടത്തില്‍ 80 കടന്ന് കുതിച്ച പെട്രോള്‍ വില രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് നേരിയതോതില്‍ കുറയുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ ഏഴുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60 ഡോളറിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യയില്‍ എണ്ണവിലയില്‍ പ്രതിഫലിക്കാത്തത്. എന്നാല്‍ വരുംദിവസങ്ങളിലും അസംസ്‌കൃത എണ്ണവില വര്‍ധന തുടര്‍ന്നാല്‍ ഇന്ത്യയിലും ഇന്ധനവിലഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

അമേരിക്കയും ചൈനയുമായുളള വ്യാപാര തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ മുഖ്യകാരണം. വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന ആഗോളതലത്തില്‍ വ്യാപാരമേഖലയില്‍ തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് മുഖ്യമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതോടെ വ്യാപാരമേഖല വീണ്ടും ഉണര്‍വിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് എണ്ണവിപണി.