2018-ൽ അയ്യായിരത്തിൽ താഴെ ഉദ്യോഗാർത്ഥികൾ എഴുതിയ തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മെന്റ് ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ, മെഷിനിസ്റ്റ് , ഫിറ്റർ , മെക്കാനിക് – റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, മെക്കാനിക് – ഡീസൽ , ഓപ്പറേറ്റർ-അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് ) പി എസ് സി പരീക്ഷകൾ എഴുതിയ ആയിരകണക്കിന് ഉദ്യോഗാർത്ഥികൾ രണ്ടു വർഷമായി ഫലത്തിനുവേണ്ടി കാത്തിരിക്കുകയാണ്. ഇതിൽ ജൂനിയർ ഇൻസ്ട്രക്ടർ ഫിറ്റർ എന്ന തസ്തികയുടെ ഷോർട്ട് ലിസ്റ്റ് മാത്രമേ കേരള പി.എസ്.സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അത്തരമൊരു സാഹചര്യത്തിലാണ് ഇതിൽ കുറച്ച് ഉദ്യോഗാർത്ഥികൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുക്കൽ തങ്ങളുടെ ആശങ്കകൾ പങ്കുവച്ച് നിവേദനം നൽകിയത്.
അയ്യായിരത്തിൽ താഴെ മാത്രം ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷകളാണ് ഇവയെല്ലാം. അതിന്റെ റിസൾട്ട് പ്രസിദ്ധീകരിക്കാൻ ഇത്രയും കാലതാമസം എന്തുകൊണ്ടാണ് എന്ന് മാത്രം മനസ്സിലാവുന്നില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. മുഖ്യമന്ത്രി , തൊഴിൽ മന്ത്രി, കേരള പി എസ് സി, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ്, യുവജന സംഘടനകൾ എന്നിവർക്കെല്ലാം പരാതിപ്പെട്ടിട്ടും നാളിതുവരെയും ഒരു ഇടപെടലും ഉണ്ടായിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് അയച്ച പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്ന് മറുപടി വന്നിരുന്നു, പക്ഷെ ഇതുവരെ ആയിട്ടും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ, അതാതു ITI ട്രേഡുകൾ തുടങ്ങിയ യോഗ്യതകൾ ഉള്ള വിദ്യാർത്ഥികളാണ് പരീക്ഷയുടെ റിസൾട്ടിനായി കാത്തിരിക്കുന്നത്. വർഷങ്ങൾ കഷ്ടപ്പെട്ടാണ് യോഗ്യത നേടിയത്, പിന്നെ പി.എസ്.സി പരീക്ഷക്ക് പഠിക്കുവാനായും കുറെ വർഷങ്ങൾ, അങ്ങനെ നീണ്ട വർഷങ്ങളുടെ അധ്വാനമുണ്ട് ഇതിനു പിന്നിൽ. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന റെയിൽവേ പരീക്ഷഫലങ്ങൾ ഇതിലും വേഗത്തിൽ പുറത്തുവരുന്നു, നിയമനവും നടക്കുന്നു. “സർക്കാർ ദയവുചെയ്ത് ഇതിനു ഒരു പോംവഴി കാണണം, ഇത് ഞങ്ങളുടെ ജീവിത പ്രശ്നമാണ്.” – ഉദ്യോഗാർത്ഥികള് പറഞ്ഞു
ഇത്രയും വൈകിയ ഈ തസ്ഥികകളുടെ ഇന്റർവ്യൂ നടത്തിയാൽ ഒരു കൊല്ലം കൂടി വേണ്ടിവരും റാങ്ക് ലിസ്റ്റ് വരാൻ . കൊവിഡ്-19 ന്റെ ഈ പ്രത്യേക സാഹചര്യത്തിൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികകളുടെ ഇൻറർവ്യൂ ഒഴിവാക്കി അവയുടെ റാങ്ക് ലിസ്റ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കണം എന്നാണ് ഉദ്യോഗാർഥികളുടെ അഭ്യർത്ഥന. മുൻപ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപാർട്ട്മെന്റിൽ നടന്ന ജൂനിയർ ഇൻസ്ട്രക്ടർ – മെക്കാനിക് – റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് എന്ന തസ്തികയുടെ കാറ്റഗറി നമ്പർ 314/2008 ന്റെ ഇന്റർവ്യൂ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മെന്റിലെ 6 ജൂനിയർ ഇൻസ്ട്രുക്ടർ പരീക്ഷകളും എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ വളരെ ഭീതിയോടെ ആണ് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നത്. ഇതിനിടയിൽ ജൂനിയർ ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ല എന്ന് പറഞ്ഞു എല്ലാ ട്രേഡ് കളിലേക്കും ഇഷ്ടം പോലെ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉദ്യോഗാർത്ഥികളുടെ പരാതികൾ കേട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി PSC സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കുകയും ഇതിൽ സത്വരനടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടെന്നും നിവേദനം സമർപ്പിച്ച ഉദ്യോഗാർത്ഥികൾ കൂട്ടിച്ചേർത്തു.