വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് അടിച്ചുകൊന്ന സംഭവം; കേസെടുത്ത് ഹൈക്കോടതി

Jaihind Webdesk
Thursday, July 1, 2021

കൊച്ചി : തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് കെട്ടിയതിന് ശേഷം അടിച്ചു കൊന്ന് കടലിലെറിഞ്ഞ ഹീനകൃത്യത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസ് കോടതി നാളെ പരിഗണിക്കും.

ജസ്റ്റിസ് എ.കെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ഇന്നലെയാണ് വളർത്തുനായയെ കൊന്ന് കടലിലെറിഞ്ഞ ക്രൂരമായ സംഭവം ഉണ്ടായത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്.

പതിവുപോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചുകഴിഞ്ഞ് വള്ളത്തിന്‍റെ അടിയില്‍ വിശ്രമിക്കവെയാണ്ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിത്തൂക്കിയതിന് ശേഷം വടി കൊണ്ട് ക്രൂരമായി അടിച്ചുകൊന്നത്. തലയ്ക്കും പുറത്തുമെല്ലാം അടികൊണ്ട് ചൂണ്ടക്കൊളുത്തില്‍ കുരുങ്ങിക്കിടന്നായിരുന്നു പട്ടിയുടെ ദയനീയമായ അന്ത്യം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു. അത്യന്തം ക്രൂരമായ ചെയ്തി മൊബൈലിൽ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട നായയുടെ ഉടമ ക്രിസ്തുരാജ് നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മനസാക്ഷിയെ നടുക്കിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.