കൊവിഡ് നിയന്ത്രണത്തിൽ വിശ്വാസികൾ വീട്ടിലായി: പള്ളികൾ ശൂന്യം; പെസഹ, ദു:ഖവെള്ളി തിരുകർമ്മങ്ങൾ ഓൺലൈനിൽ; ക്രൈസ്തവ സഭാചരിത്രത്തിൽ ഇതാദ്യം | VIDEO

ദുബായ് : ക്രൈസ്തവ വിശ്വാസികളുടെ, പെസഹാ വ്യാഴം ഉള്‍പ്പടെയുള്ള, പ്രധാന തിരുകര്‍മ്മങ്ങള്‍ക്ക് ലോകമെങ്ങും തുടക്കമായി. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി, ഇത്തവണ ലോകത്തെ ഭൂരിഭാഗം പള്ളികളില്‍ വിശ്വാസികളുടെ തിക്കും തിരക്കും ഇല്ലാതെ, ഓണ്‍ലൈന്‍ വഴിയാണ് , പെസഹാ ,ദുഃഖവെള്ളി, ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ നടക്കുന്നത്.

ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലേക്ക് മാറിയപ്പോഴും, മതപരമായ തിരുകര്‍മ്മങ്ങള്‍ , അന്നും എന്നും, വിശ്വാസികളുടെ തിക്കും തിരക്കുമായി, ജനകീയമായിരുന്നു. എന്നാല്‍, ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലായതോടെ, പൊതുജനങ്ങള്‍ക്ക്, പുറത്തിറങ്ങാന്‍ നിയന്ത്രണമായി. ഇപ്രകാരം, ലോക ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി, ക്രൈസ്തവ വിശ്വാസികള്‍ക്ക്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുകര്‍മ്മങ്ങളില്‍, പള്ളികളിലേക്ക് പോകാന്‍ കഴിയാതെ ആയി. ഇതോടെ, പ്രധാന ദേവാലയങ്ങളില്‍ , വിശുദ്ധവാര ചടങ്ങുകള്‍, യുട്യൂബിലും, ഫെയ്‌സ്ബുക്കിലും, വിവിധ സഭകളുടെ ടെലിവിഷന്‍ ചാനലുകളിലുമായി സജീവമാക്കുകയാണ്.

അമ്പതിലധികം വര്‍ഷങ്ങള്‍ പിന്നിട്ട, ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ, ദുബായ് സെന്റ് മേരീസ് പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായി, വിശ്വാസികള്‍ ഇല്ലാതെ, ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി, വിശുദ്ധവാരം കടന്ന് പോകുകയാണ്. ഇതിനിടെ, ഓണ്‍ലൈന്‍ വഴി മാത്രം നടന്നിരുന്ന കുര്‍ബാന, ദുബായ് ഗവർമെന്റ് അധികൃതരുടെ നിര്‍ദേശത്തെ തുടർന്ന് നിർത്തിവെച്ചതായി ഇടവക വികാരിയും മലയാളിയുമായ ഫാ. ലെനി കോന്നൂളി ഇടവകാംഗങ്ങളെ അറിയിച്ചു.

കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യയില്‍ എന്ന പോലെ, ഗള്‍ഫിലും നിയന്ത്രണം ശക്തമാണ്. ഇതോടെ, പ്രധാന ആഴ്ചയിലെ കുമ്പസാരം പോലും, വിശ്വാസികള്‍ക്ക് തടസ്സപ്പെട്ടു. എന്നാല്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള, തത്സമയ, അനുതാപ ശുശ്രൂഷകള്‍ വഴി , കുമ്പസാരം എന്ന കൂദാശയെ കേരളത്തിൽ സഭകളും സജീവമാക്കുന്നു. ഇങ്ങിനെ, ലോകത്തെ ലക്ഷകണക്കിന് വരുന്ന ക്രൈസ്ത വിശ്വാസികള്‍, ആദ്യമായി, ഇത്തവണ, ടിവിയിലും സമൂഹ മാധ്യമങ്ങളിലുമായി, പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയാണ്.

ഫോട്ടോ കാപ്ഷൻ : ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക ഇടവക എന്ന് അറിയപ്പെടുന്ന ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി , പെസഹാ ദിനത്തിൽ വിശ്വാസികളുടെ തിക്കും തിരക്കും ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്നു.

Comments (0)
Add Comment