കടുവാ ഭീതിയില്‍ പെരുനാട്: ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് രണ്ടു പശുക്കളെ; പുറത്തിറങ്ങാന്‍ പോലും പേടിച്ച് നാട്ടുകാര്‍; കൂട് സ്ഥാപിച്ച് വനം വകുപ്പ്

Jaihind Webdesk
Sunday, April 9, 2023

 

പത്തനംതിട്ട: പെരുനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു.
കടുവ പശുക്കളെ പിടിച്ച സ്ഥലത്താണ് കൂട് വെച്ചത്. കോന്നിയിൽ നിന്നാണ് വനം വകുപ്പ് കൂട് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് പശുക്കളെ ആണ് കടുവ ആക്രമിച്ചത്.

പെരുനാട് കാർമ്മൽ മേഖലയിൽ കഴിയുന്നവർ കഴിഞ്ഞ ഒരു മാസക്കാലമായി കടുവാ ഭീതിയിലാണ്. രണ്ട് പശുക്കളെയാണ് ഒരാഴ്ചക്കുള്ളിൽ കടുവ കൊന്നത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെയാണ് കടുവയെ പിടികൂാനായി കൂട് സ്ഥാപിച്ചത്.

ക്ഷീര കർഷകർ ഏറെയുള്ള പ്രദേശമാണിത്. തോട്ടം മേഖലയായതിനാൽ തന്നെ വളർത്തുമൃഗങളെ അഴിച്ചുവിട്ടാണ് വളർത്തുന്നത്. കടുവാ ഭീതിയിൽ കഴിയുന്ന നാട്ടുകാർ പകൽ പോലും പുറത്തിറങ്ങുവാൻ ഭയക്കുന്നു. കൂട് സ്ഥാപിച്ചതോടെ കടുവയെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.