സ്വകാര്യവിവരങ്ങള്‍ കൊവിഡ് ആപ്പിന് ; പൊലീസിനുള്ളിലും ഭിന്നത, ഡി.ജി.പിക്ക് പരാതി

കൊവിഡ് ആപ്പിനെ ചൊല്ലി പൊലീസിനുള്ളിൽ അഭിപ്രായ ഭിന്നത. ആപ്പിന് വിവരങ്ങൾ കൈമാറണമെന്ന നോഡൽ ഓഫീസർ വിജയ് സാഖറെയുടെ നിർദ്ദേശത്തിനെതിരെ ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി ഡി.ജി.പിയെ സമീപിച്ചു.
വിവരങ്ങൾ കൈമാറരുതെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി എസ്.പി മാർക്ക് നിർദ്ദേശം നൽകി.

കൊവിഡ് ബാധിത വ്യക്തിയുടെ 15 ദിവസത്തെ കോൾ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിന്‍റെ നീക്കത്തിൽ പോലീസിനുള്ളിൽ തന്നെ ഭിന്നത ഉടലെടുത്തു. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഈ രിതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. കോൾ വിവരങ്ങൾ പരിശോധിച്ച് സമ്പർക്കം കണ്ടെത്താനാകുമോ എന്ന ചോദ്യമാണ് പോലീസ് ഉന്നതർ തന്നെ പങ്കുവെക്കുന്നത്.

ഇതിനിടെയാണ് ആപ്പിന് വിവരങ്ങൾ കൈമാറണമെന്ന നിർദ്ദേശത്തിൽ എതിർപ്പറിയിച്ച് ഐ.ജി ഹർഷിത അട്ടല്ലൂരി രംഗത്ത് വന്നിട്ടുള്ളത്. കൊച്ചി പൊലീസിന്‍റെ ആപ്പിൽ വിവരങ്ങൾ കൈമാറുന്നതിലാണ് ഐ.ജിയുടെ പരാതി. ഇതു സംബന്ധിച്ച നോഡൽ ഓഫീസർ വിജയ് സാഖറെയുടെ നിർദ്ദേശത്തിനെതിരെ ദക്ഷിണമേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി ഡി.ജി.പി ലോക്നാഥ് ബഹ്റയെ സമീപിച്ചു. കൂടാതെ വിവരങ്ങൾ കൈമാറരുതെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി എസ്.പിമാർക്ക് നിർദ്ദേശവും നൽകി.

ഡൽഹി ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും പൊലീസ് നൽകുന്ന വിവരങ്ങൾ ഏത് സെർവറിലേക്കാണ് പോകുന്നത് എന്നതിൽ അവ്യക്തതയുണ്ടെെന്ന ആശങ്കയും ഐ.ജി പങ്ക് വെക്കുന്നു. ആപ്പിന്‍റെ വിശ്വാസ്യതയിലെ സംശയവുമായി ഐ.ജി, ഡി.ജി.പിയെ സമീപിച്ചതോടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഫോൺകോൾ വിവര ശേഖരണം എന്ന് പോലീസ് തന്നെ തുറന്ന് സമ്മതിക്കുകയാണ്.

Comments (0)
Add Comment