തെറിവീരന്‍ പേരൂര്‍ക്കട എസ് ഐ പ്രസാദിന് സസ്‌പെന്‍ഷന്‍, കൂട്ടാളി പോലീസുകാര്‍ ഇപ്പോളും ഡ്യൂട്ടിയില്‍… ഇതാണോ നീതി ?

Jaihind News Bureau
Monday, May 19, 2025

പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ മണിക്കൂറുകളോളം മനുഷ്യത്വരഹിതമായ പീഢനം നടത്തിയതില്‍ എസ് ഐ പ്രസാദിന് സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരേ ഗുരുതരമായ കുറ്റാരോപണങ്ങളാണ് യുവതി നടത്തിയിരുന്നത്. പരുഷമായ വാക്കുകളും നിഷ്ഠുരമായ പെരുമാറ്റവുമാണ് യൂണിഫോമില്‍ ഇയാളും കൂട്ടാളികളായ രണ്ടു പോലീസുകാരും നടത്തിയതെന്ന് പീഡനത്തിന് ഇരയായ ബിന്ദു എന്ന ദളിത് യുവതി പരാതിപ്പെട്ടിരുന്നു. നാടെങ്ങും ജനമൈത്രി പോലീസിനെ കുറിച്ച് വീമ്പടിച്ചു നടക്കുന്ന പിണറായി മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിലാണ് ഈ ചട്ടവിരുദ്ധ നടപടി ഉണ്ടായത് . അതേസമയം, തെറിവീരന്‍ എസ് ഐയ്‌ക്കൊപ്പം ബിന്ദുവിനെ അപമാനിച്ച രണ്ടു പോലീസുകാര്‍ ഇപ്പോഴും ഡ്യൂട്ടിയിലാണ്. അവര്‍ എന്തു ജോലിയാണ് അവിടെ ചെയ്യുന്നത്… ഇതാണോ ഇരയോടുള്ള നീതി.

സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയിലാണ് വീട്ടില്‍ ജോലിയ്ക്കു വന്നുകൊണ്ടിരുന്ന ദളിത് സ്ത്രീയെപ്പറ്റി അമ്പലമുക്കിലുള്ള വീട്ടുകാര്‍ പോലീസിന് വിവരം നല്‍കുന്നത്. പോലീസ് ഫോണ്‍ വിളിപ്പിച്ചു വരുത്തിയ ബിന്ദുവിന് പിന്നീട് നേരിടേണ്ടി വന്നത് മണിക്കൂറുകള്‍ നീണ്ട മാനസിക പീഡനം. ജോലിക്കു ശേഷം ബസ് സ്‌റ്റോപ്പില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിയ ബിന്ദുവിനെ പിന്നീ്ട് സ്റ്റേഷനില്‍ നി്ന്ന് വിട്ടയയ്ക്കുന്നത് പിറ്റേദിവസമാണ്. 20 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു. ഒടുവില്‍ മോഷണം പോയെന്ന് പരാതി ലഭിച്ച 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ വീട്ടില്‍നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍നിയമ നടപടിക്ക് പോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കി. കഴിഞ്ഞമാസം 23-നായിരുന്നു സംഭവം. കൂലിവേലക്കാരനായ ഭര്‍ത്താവും പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന രണ്ടു പെണ്‍ മക്കളും അടങ്ങുന്ന കുടുംബത്തിന് കടുത്ത മാനസിക സംഘര്‍ഷമാണ് ഈ സംഭവം നല്‍കിയത്. തന്റെ ജാതിയോടുള്ള പ്രശ്നം കൂടിയാണ് താന്‍ നേരിട്ടതെന്ന് ബിന്ദു ആരോപിക്കുന്നു.